സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയിലും കോട്ടയത്തും

Posted on: January 4, 2021 3:21 pm | Last updated: January 4, 2021 at 10:09 pm

ആലപ്പുഴ | സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആലപ്പുഴയിലെ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലായി 1600 താറാവുകള്‍ രോഗം ബാധിച്ച് ചത്തൊടുങ്ങി. കോട്ടയത്ത് നിണ്ടൂര്‍ പതിനാലാം വാര്‍ഡില്‍ ഒരാളുടെ പക്കലുള്ള 8000 താറാവുകളുടെ കൂട്ടത്തിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഭോപ്പാലിലേക്ക് അയച്ച എട്ട്‌ സാമ്പിളുകളില്‍ അഞ്ചെണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചെന്ന് മന്ത്രി കെ രാജു വ്യക്തമാക്കി. രോഗം മറ്റിടങ്ങളിലേക്ക് പകരാന്‍ സാധ്യതയില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മൃഗ സംരക്ഷണ വകുപ്പ്
അറിയിച്ചു.