കര്‍ഷകരും കേന്ദ്രവും തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച; പരാജയപ്പെട്ടാല്‍ വന്‍ പ്രക്ഷോഭം

Posted on: January 4, 2021 9:36 am | Last updated: January 4, 2021 at 12:08 pm

ന്യൂഡല്‍ഹി | പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം 40- ാം ദിവസത്തിലേക്ക് കടന്നതോടെ ഇന്ന് കേന്ദ്ര സര്‍ക്കാറുമായി നിര്‍ണായക ചര്‍ച്ച നടക്കും. സമരം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി കര്‍ഷകര്‍ പദ്ധതി തയ്യാറാക്കിയിരിക്കെയാണ് ഇന്ന് ചര്‍ച്ച നടക്കുന്നത്. നേരത്തെ ആറ് തവണയായി നടത്തിയ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. നിയമം പിന്‍വലിക്കാതെ ഒരു വിട്ടുവീഴചക്കുമില്ലെന്ന് കര്‍ഷകരും നിയമം പിന്‍വലിക്കാതെ മറ്റ് ഭേദഗതികളാകാമെന്ന നിലപാടില്‍ കേന്ദ്രവും നിലയുറപ്പിച്ചതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം. ഇന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വിട്ടുവീഴ്ചയഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഡിസംബര്‍ 30 ന് നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ഭേദഗതി ബില്‍ 2020ന്റെ കരട് പിന്‍വലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരുന്നു. വിജ്ഞാന്‍ ഭവനില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ 40 കര്‍ഷക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചാകണം ചര്‍ച്ചയെന്നും പരാജയപ്പെട്ടാല്‍ സമരത്തിന്റെ ഭാവം മാറുമെന്ന് കര്‍ഷകര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.

ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ 20വരെ രാജ്യത്തെ പ്രധാന ഭാഗങ്ങളില്‍ പ്രതിഷേധം വ്യാപിക്കും. ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് പ്രതിഷേധക്കാര്‍ ഡല്‍ഹിയിലേക്ക് നീങ്ങും. റിപബ്‌ളിക് ദിനത്തില്‍ ഡല്‍ഹിക്ക് അകത്ത് ട്രാക്ടര്‍ റാലി സംഘടിപ്പിക്കും.

അതിനിടെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരും പോലീസും തമ്മില്‍ ഇന്നലേയും ഇന്നും സംഘര്‍ഷമുണ്ടായി. മാര്‍ച്ച് തടയാന്‍ നിരവധി തവണ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡല്‍ഹിയിലെ പ്രധാന പ്രതിഷേധത്തില്‍ പങ്കുചേരുന്നതിനായാണ് കര്‍ഷകര്‍ ഹിരിയാന അതിര്‍ത്തിയില്‍ മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ ഹരിയാന പോലീസ് ഇവരെ തടഞ്ഞതാണ്

സംഘര്‍ഷത്തിനിടയാക്കിയത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഹരിയാനയിലെ രെവാരി- ആല്‍വാര്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സമരക്കാരെ മസാനിയിലുള്ള ഒരു മേല്‍പ്പാലത്തില്‍ വെച്ച് തടഞ്ഞതായി രെവാരി പോലീസ് പറഞ്ഞു. കര്‍ഷകര്‍ക്ക് നേരെ പൊലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നിട്ടുണ്ട്.