Connect with us

Gulf

സഊദിയിലേക്കുള്ള പ്രവേശനം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Published

|

Last Updated

ദമാം | വിദേശ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജാഗ്രതയുടെയും മുന്‍കരുതലിന്‍റെയും ഭാഗമായി സഊദി അറേബ്യയിലേക്കുള്ള കര- നാവിക- വ്യോമ മേഖലയിൽ ഏർപ്പെടുത്തിയ താത്കാലിക നിരോധനം നീക്കിയതായി സഊദി വാർത്താ ഏജൻസി ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. വിലക്ക് നീങ്ങിയതോടെ രാജ്യത്തേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും പ്രവർത്തനം ആരംഭിച്ചു. ഈ പശ്ചാത്തലത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

കൂടുതല്‍ നിയന്ത്രണം

വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്നവർ സഊദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് രാജ്യത്തിന് പുറത്ത് പതിനാല് ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിൽ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ പ്രവേശന അനുമതി ലഭിക്കൂ. പുതിയ കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങൾ തന്നെ തുടരും. അതേസമയം ഇവർ  ഏഴ് ദിവസം ക്വാറന്‍റീനിൽ തുടരുകയോ മൂന്ന് ദിവസത്തിന് ശേഷം പി സി ആർ പരിശോധന  നെഗറ്റീവാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

ദുബൈയിൽ കഴിയുന്നവർക്ക് സഊദിയിലേക്ക് മടങ്ങാം
സഊദിയിലേക്കുള്ള വിമാന യാത്രാ വിലക്ക് നീങ്ങിയതോടെ രണ്ടാഴ്ചയായി  ദുബൈയിലും മറ്റും  കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് രാജ്യത്തേക്ക് എത്താനുള്ള വഴിതുറന്നു. രണ്ടാഴ്ചയായി ദുബൈയിൽ കഴിഞ്ഞിരുന്നവർക്ക് ഐ സി എഫ് അടക്കമുള്ള സംഘടനകൾ  താത്കാലിക താമസ- ഭക്ഷണ സൗകര്യങ്ങൾ ഏർപ്പടുത്തിയിരുന്നു.

കൊവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞു

 പ്രതിരോധ പ്രവർത്തങ്ങൾ കർശനമാക്കിയതോടെ രോഗബാധിതരുടെ എണ്ണത്തില്‍ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച  82 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ നിരക്കാണിത്.  363,061 പേര്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുകയും ഇതുവരെ 6,246 പേര്‍ മരണപ്പെടുകയും ചെയ്തു. 3,54,263 പേര്‍ക്ക് രോഗം ഭേദമായി. 2,772 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ  ചികിത്സയില്‍ കഴിയുന്നത്. ഇവരിൽ  401 പേരുടെ നില  ഗുരുതരമായി തുടരുകയാണ്.

സിറാജ് പ്രതിനിധി, ദമാം