തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ല; ഐ എഫ് എഫ് കെ വിവാദത്തില്‍ മന്ത്രി ബാലന്‍

Posted on: January 3, 2021 12:01 pm | Last updated: January 3, 2021 at 12:01 pm

തിരുവനന്തപുരം | അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഐ എഫ് എഫ് കെ)വുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി എ കെ ബാലന്‍. കൊവിഡ് സാഹചര്യത്തില്‍ ഐ എഫ് എഫ് കെ പതിവ് അനുസരിച്ച് സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് തിരുവനന്തപുരത്തിനു പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായി മേള നടത്താന്‍ തീരുമാനിച്ചത്.

5000 പേരുടെ രജിസ്ട്രേഷന്‍ ആണ് ഇത്തവണ നടത്തുന്നത്. വലിയ മേള നടക്കുമ്പോള്‍ അതിന് അനുസരിച്ചുള്ള ആശങ്ക സര്‍ക്കാരിന് ഉണ്ട്. ഐ എഫ് എഫ് കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണ്. അതില്‍ ആര്‍ക്കും സംശയം ഉണ്ടാകേണ്ടതില്ല. എന്നാല്‍, കൊവിഡ് സാഹചര്യം കണ്ടില്ലെന്ന് നടിക്കാനാകില്ല. അതുകൊണ്ടാണ് വേദികള്‍ വികേന്ദ്രീകരിച്ച് മേള നടത്താന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ഐ എഫ് എഫ് കെ തിരുവനന്തപുരത്തിന്റെ മേളയാണെന്നും വേദികളുടെ വികേന്ദ്രീകരണം അനുവദിക്കാനാകില്ലെന്നുമാണ് ചില കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നത്.