Connect with us

Articles

ഇനിയാണ് യഥാർഥ ശീതയുദ്ധം

Published

|

Last Updated

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒരു കാർണിവലാണെങ്കിൽ അതിന്റെ അവസാന ദിന ആഘോഷമാണ് പ്രസിഡൻഷ്യൽ ഇനാഗ്രേഷൻ. സത്യപ്രതിജ്ഞാ ദിനം. ജനുവരി 20നാണ് അത് നടക്കാറുള്ളത്. ഇത്തവണ ജോ ബൈഡൻ ഇതേ ദിനം സ്ഥാനമേൽക്കും. 2017 ജനുവരി 20ന് ഡൊണാൾഡ് ജെ ട്രംപിന്റെ ഉദ്ഘാടന ദിവസത്തെ കുറിച്ച് അദ്ദേഹം പിറ്റേന്ന് പറഞ്ഞത് കേട്ട് “ഇത്ര പൊങ്ങച്ചക്കാരനാണല്ലോ ഞങ്ങളെ ഭരിക്കാൻ പോകുന്നതെ”ന്ന് അമേരിക്കക്കാർ വിലപിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് വാഷിംഗ്ടൺ ഡി സിയിൽ എത്തിയത് അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആൾക്കൂട്ടമാണെന്ന് അദ്ദേഹം തട്ടിവിട്ടു. ലോകത്ത് തന്നെ ഇത്രയും ജനം തടിച്ചു കൂടിയ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നിട്ടില്ലെന്ന് പറഞ്ഞ് അന്നത്തെ വൈറ്റ്ഹൗസ് സെക്രട്ടറി സാൻ സ്‌പൈസർ തന്റെ യജമാനനെ കവച്ച് വെച്ചു.

ഏതായാലും ജോ. ബൈഡൻ അത്തരം അവകാശവാദങ്ങൾക്കൊന്നുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ സുരക്ഷിതത്വമാണ് മുഖ്യം; എന്നാൽ ആഘോഷത്തിന് കുറവുണ്ടാകില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. വീട്ടിലിരിക്കൂ; സ്‌ക്രീനിൽ പങ്കെടുക്കൂ എന്നാണ് അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെ ആഹ്വാനം. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് അമേരിക്കയെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോൾ പക്വമായ സമീപനമാണ് ടീം ബൈഡൻ പുറത്തെടുത്തിരിക്കുന്നത്. ബൈഡന്റെ വരും നാളുകളെക്കുറിച്ച് പ്രതീക്ഷ പങ്കുവെക്കുന്നവർക്ക് ഉയർത്തിപ്പിടിക്കാവുന്നതാണ് ഈ കരുതൽ. ട്രംപല്ല താനെന്ന് തെളിയിക്കാനുള്ള ബൈഡന്റെ ശ്രമം ഇത്തരം വിശദാംശങ്ങളിലെല്ലാം കാണാമെന്ന സന്ദേശവും ഈ ആഘോഷച്ചുരുക്കലിലുണ്ട്.
നാല് വർഷക്കാലം കൊണ്ട് ട്രംപ് ഭരണകൂടം സൃഷ്ടിച്ച കുറേ വൈകാരിക സമീപനങ്ങളുണ്ട്. അവ അമേരിക്കക്ക് ഏൽപ്പിച്ച ആഘാതങ്ങളുണ്ട്. അവ പരിഹരിച്ച് പോകുന്നതിനാകും ബൈഡന്റെ പ്രഥമ പരിഗണന. ആ ദൗത്യത്തിൽ അദ്ദേഹം എത്രമാത്രം വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന് അദ്ദേഹത്തെ എങ്ങനെ അനുഭവപ്പെടുമെന്ന ചോദ്യത്തിനുള്ള ഉത്തരം. ചൈനയിലാകും ഇത് ആദ്യം പരീക്ഷിക്കപ്പെടാൻ പോകുന്നത്. “അമേരിക്കയും ചൈനയും തമ്മിലുള്ള കഴിഞ്ഞ നാല് വർഷത്തെ ബന്ധം തീപ്പിടിച്ച ഒന്നായിരുന്നു. എന്നിട്ടും നയതന്ത്ര വിശാരദൻമാർ അതിനെ ശീതയുദ്ധം എന്നാണ് വിളിച്ചത്. പഴയ സോവിയറ്റ്- യു എസ് മാത്സര്യത്തെ ഓർമിപ്പിക്കുമെന്നത് ഒഴിച്ചാൽ ആ പ്രയോഗം ഒട്ടും ചേർച്ചയുള്ളതായിരുന്നില്ല. ഒരിക്കലും ഗോപ്യമായ ഒന്നായിരുന്നില്ല ട്രംപിന്റെ ചൈനീസ് നയം. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈന താരിഫ് ചുമത്തിയാൽ കൂടുതൽ ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ ട്രംപ് താരിഫ് പ്രഖ്യാപിക്കും. കറൻസി വാർ ചൈന തുടങ്ങിയാൽ അതേ നാണയത്തിൽ ട്രംപ് ഭരണകൂടം തിരിച്ചടിക്കും. ദക്ഷിണ ചൈനാ കടലിൽ ചൈനീസ് യുദ്ധപ്പക്കലുകൾ എത്തി നോക്കിയാൽ ജപ്പാനോട് ചേർന്ന കടലിൽ യു എസ് എസ് ജോർജ് വാഷിംഗ്ടൺ എത്തും. ചൈന സഹായിക്കുന്നവരെ അമേരിക്ക ശിക്ഷിക്കും. തിരിച്ചും. പല്ലിന് പല്ല് ഇതായിരുന്നു ട്രംപിന്റെ ചൈനീസ് നയതന്ത്രം.

ഈ നയം ഒരു ഗുണവും അമേരിക്കക്ക് ഉണ്ടാക്കിയില്ല. വ്യാപാര നഷ്ടം മാത്രം മിച്ചം. ട്രംപിന്റെ ഭീഷണിയോട് കടന്നാക്രമണങ്ങളിലൂടെ തന്നെ പ്രതികരിച്ച ചൈന കൂടുതൽ ശക്തമാകുകയായിരുന്നു. അമേരിക്കാ ഫസ്റ്റ് എന്ന തീവ്രദേശീയ മുദ്രാവാക്യം കൊണ്ട് ട്രംപ് തനിക്ക് പറ്റിയ എല്ലാ തെറ്റുകളെയും മറച്ച് വെക്കാൻ വിഫല ശ്രമം നടത്തി. വ്യാപാര കരാറുകളിൽ നിന്ന് പിൻവാങ്ങിയും ഉയർന്ന തീരുവ ചുമത്തി അതിർത്തിയടച്ചും ട്രംപ് നടത്തിയ സംരക്ഷിത സാമ്പത്തിക നയം യു എസിനെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. അമേരിക്കയെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിക്കുമ്പോൾ അമേരിക്കൻ ഉത്പന്നങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ചൈനയും കൂട്ടാളികളും ചുട്ട മറുപടി നൽകുന്നുണ്ടായിരുന്നു. വലിയ വ്യാപാര നഷ്ടമാണ് ഇത് യു എസിനുണ്ടാക്കിയത്. അതുകൊണ്ട് ട്രംപിന്റെ കുറുക്കൻ ആക്രമണോത്സുകത ഉപേക്ഷിക്കാതെ ബൈഡന് മുന്നോട്ട് പോകാനാകില്ല.

ബരാക് ഒബാമയുടെ വിശ്വസ്ത വൈസ് പ്രസിഡന്റായിരുന്നു ജോ ബൈഡൻ. ഒബാമയുടെ നയങ്ങൾ തീർച്ചയായും ബൈഡന്റെ മുൻഗണനകളെ സ്വാധീനിക്കും. എന്നാൽ ചൈനയുടെ കാര്യത്തിൽ ഒബാമയെയും ബൈഡൻ സ്വീകരിക്കുമെന്ന് തോന്നുന്നില്ല. ചൈനയുമായി ഒരു തരം വ്യാജ ശാന്തതയാണ് ഒബാമ കൈകൊണ്ടിരുന്നത്. ചൈനയെ അതിന്റെ വഴിക്ക് വിടാം; അവർ യു എസിന്റെ വഴി മുടക്കില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇരു രാജ്യങ്ങളും സഹകരിക്കുന്നത് ലോകത്തിന്റെ വിശാല താത്പര്യത്തിന് ഗുണകരമാകുമെന്നും അദ്ദേഹം കരുതി. പക്ഷേ, ഒന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലേക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവേശിച്ചു കഴിഞ്ഞിരുന്നു. തായ്‌വാനിലും ഹോങ്കോംഗിലും ജപ്പാനിലും പാക്കിസ്ഥാനിലും ഇന്ത്യയിലും ദ. കൊറിയയിലുമൊക്കെ ഈ മത്സരത്തിന്റെ പ്രതിഫലനമുണ്ടായി. ശ്രീലങ്കയെയും മാലദ്വീപിനെയും നേപ്പാളിനെയും പാക്കിസ്ഥാനെയുമൊക്കെ ചൈന ഒപ്പം കൂട്ടി. ഇറാനെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും സഹായിക്കാനിറങ്ങി. ആഭ്യന്തര വിമതരെ മുഴുവൻ ഒതുക്കി. സൈനിക ശക്തി ആധികാരികമാക്കി. കടലിലും കരയിലും സേനാ വിന്യാസം ശക്തമാക്കി. യൂറോപ്പ് പോലും ചൈനയെ കരുത്തുള്ള നിക്ഷേപകരായി വാഴ്ത്തി. ഫലത്തിൽ, ഒബാമ പതുങ്ങിയപ്പോൾ ചൈന കുതിക്കുകയായിരുന്നു. അതുകൊണ്ട് ഒബാമക്കും ട്രംപിനും ഇടക്ക് നിൽക്കാനാകും ബൈഡൻ ശ്രമിക്കുക. ഒരു ഭാഗത്ത് നേരിട്ടുള്ള വ്യാപാര ഏറ്റുമുട്ടൽ അവസാനിപ്പിക്കും. മറുഭാഗത്ത് അന്താരാഷ്ട്ര വേദികളെ ഉപയോഗപ്പെടുത്തി ചൈനക്കെതിരെ കരുക്കൾ നീക്കും. സിൻജിയാംഗിലെ മുസ്‌ലിംകളോട് ബൈഡൻ ഭരണകൂടത്തിന് സ്‌നേഹം കൂടും. ഹോങ്കോംഗിലെയും തായ്‌വാനിലെയും ജനാധിപത്യ പ്രക്ഷോഭം കത്തിക്കും. ട്രംപ് ഇറങ്ങിപ്പോന്ന എല്ലാ അന്താരാഷ്ട്ര വേദികളിലും ബൈഡൻ ക്ഷണിക്കപ്പെടാതെ തന്നെ കയറിച്ചെല്ലും. കരാറുകൾ പലതും പുനരുജ്ജീവിപ്പിക്കും. ശഠനോട് ശാഠ്യം എന്നത് തന്നെയാകും ബൈഡന്റെ നയം. പക്ഷേ, എല്ലാം ഇത്തിരി മയത്തിലായിരിക്കും. യഥാർഥ ശീതസമരം ഇനിയാണ് കാണാൻ പോകുന്നത്.

ബൈഡന്റെ വിദേശനയം പരീക്ഷിക്കപ്പെടുന്ന മറ്റൊരു ഇടം മധ്യപൗരസ്ത്യ ദേശമായിരിക്കും. ഇസ്‌റാഈലിന്റെ അധിനിവേശ യുദ്ധോത്സുക നയങ്ങൾക്കുള്ള പിന്തുണ ബൈഡൻ ഭരണകൂടവും തുടരാൻ തന്നെയാണ് സാധ്യത. ജ്യൂയുഷ് ലോബി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബൈഡനെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവർ പക്ഷേ വോട്ട് ചെയ്തത് ട്രംപിനാണ്. അതുകൊണ്ട് ട്രംപിനോളം ഇസ്‌റാഈൽ പക്ഷപാതിയാകില്ല ബൈഡൻ. ഇറാനുമായും അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വലിയ മാറ്റത്തിന് ബൈഡൻ ശ്രമിച്ചേക്കും. ഒബാമയുടെ മുൻകൈയിൽ ഒപ്പുവെച്ച ഇറാൻ ആണവ കരാർ പുതിയ രൂപത്തിൽ പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിൽ തിരിച്ചടി മുൻകൂട്ടി കണ്ട് ട്രംപ് ഇറാനുമായി യുദ്ധം പ്രഖ്യാപിച്ച് കാര്യങ്ങൾ തന്റെ വരുതിയിലാക്കാൻ നീക്കം നടത്തിയിരുന്നുവെന്ന വസ്തുത ഇപ്പോൾ വെളിച്ചത്ത് വന്നിട്ടുണ്ട്. ഇറാഖിൽ വെച്ച് യു എസ് ആക്രമണത്തിൽ മേജർ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടപ്പോൾ തന്നെ ഇറാൻ- യു എസ് യുദ്ധം മണത്തതാണ്. ഇറാന്റെ ആത്മവിശ്വാസമില്ലായ്മയാണ് ആ ദുരന്തം ഒഴിവാക്കിയത്. ഇറാനെ ആക്രമിച്ച് അറബ് രാജ്യങ്ങളെയും ഇസ്‌റാഈലിനെയും ഒരു പോലെ സന്തോഷിപ്പിക്കുകയും ശക്തനായ പ്രസിഡന്റെന്ന ഖ്യാതി സൃഷ്ടിക്കുകയുമായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഈ നീക്കങ്ങൾ സൃഷ്ടിച്ച പ്രശ്‌നങ്ങളെ മറികടക്കുകയെന്നത് ബൈഡന്റെ മുൻഗണനയായിരിക്കും. ആദ്യത്തെ രണ്ട് വർഷമെങ്കിലും അദ്ദേഹം ഇറാനുമായി വിട്ടുവീഴ്ചാ മനോഭാവം സൂക്ഷിക്കും.

അറബ് രാജ്യങ്ങൾ ഇസ്‌റാഈലുമായി ഊഷ്മളമായ ബന്ധത്തിലേക്ക് നീങ്ങുന്നത് ബൈഡന് ആശ്വാസം പകരുന്നുണ്ടെങ്കിലും ഫലസ്തീൻ വിഷയത്തിൽ പോസിറ്റീവായി ഇടപെടാനുള്ള ഭാരിച്ച ഉത്തരവാദിത്വം അദ്ദേഹത്തിൽ നിക്ഷിപ്തമാകുന്നുണ്ട്. വെസ്റ്റ്ബാങ്കിലെ അധിനിവേശം നിർത്തിവെക്കാൻ നെതന്യാഹു സർക്കാറിന് മേൽ സമ്മർദം ചെലുത്തേണ്ടി വരും. ഇസ്‌റാഈൽ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റുന്നത് തത്കാലത്തേക്കെങ്കിലും മരവിപ്പിക്കേണ്ടി വരും. ഗാസയുടെ ഭരണം കൈയാളുന്ന ഹമാസിനെ അംഗീകരിക്കേണ്ടി വരും. ഇക്കാര്യങ്ങളിൽ നേരിയ പുരോഗതിയെങ്കിലും ഉണ്ടാക്കിയില്ലെങ്കിൽ ബൈഡന്റെ മധ്യപൗരസ്ത്യ നയം സമ്പൂർണ പരാജയമാകും. ഇറാനോട് മയപ്പെടുന്ന ബൈഡന് അറബ് സുഹൃത്തുക്കളെ നഷ്ടപ്പെടുകയും ചെയ്യും. ഇവിടെ ഒബാമയാകാനാകും ബൈഡൻ ശ്രമിക്കുക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest