പുനർവായനയിൽ വിരിയുന്ന കഥാപുഷ്പങ്ങൾ

അതിഥി വായന | ഓട്ടോണമസ് പ്രണയം | അജിത്രി
Posted on: January 3, 2021 10:10 am | Last updated: January 2, 2021 at 3:18 pm

autonomous pranayamഎഴുപത്തിരണ്ട് പേജുകൾ മാത്രമുള്ള 14 കഥകളടങ്ങിയ ‘ഓട്ടോണമസ് പ്രണയം’ എന്ന സമാഹാരം അതിന് അടിവരയിടുന്നു. പ്രണയം, സൗഹാർദം, സദാചാരം എല്ലാം പരമ്പരാഗത സങ്കൽപ്പങ്ങളിൽ നിന്നും വഴിമാറിയാണ് അജിത്രിയുടെ കഥാലോകത്ത് സഞ്ചരിക്കുന്നത്.
ഒറ്റ വായനയിൽ തെളിയാത്ത വഴികൾ പുനർ വായനയിൽ അനേകം സാധ്യതകളുള്ള പുതുവഴികളുടെ ഒരു നാൽക്കവലയെ കൺമുന്നിൽ തുറന്നിടുന്നു അജിത്രി കഥകൾ.

ഇലക്ഷൻ ഡ്യൂട്ടി (കഥ) യിൽ ശാലിനിയിൽ മൊട്ടിട്ടു വിരിഞ്ഞ നൈമിഷിക പ്രണയത്തിന്റെ തീവ്രതകൾ വായനക്കാരിലേക്കെത്തുന്നത് പ്രകടമായ പ്രണയ പ്രകടനങ്ങളിലൂടെയേ അല്ല. ശരിക്കും അതൊരു മൗനഭാഷയിൽ എഴുതുന്ന പ്രണയത്തിന്റെ ദിവ്യതയെ സൂചിപ്പിക്കുന്നു. ഒരു ഇലക്്ഷൻഡ്യൂട്ടിക്ക് ഒരുമിച്ചുകൂടുന്ന ഖദീജ ടീച്ചർ, എൽസമ്മ ജോർജ്, ജമീല ടീച്ചർ, പുഷ്പലത എല്ലാവരിലും ഉടലെടുക്കുന്ന പലതരം വേവലാതികളുടെ വേലിയേറ്റത്തിൽ വ്യത്യസ്ത ജീവിതാവസ്ഥകളാണ് കഥകളായി രൂപം കൊള്ളുന്നതെന്നു കാണാം.

ഹാഫിസ് റഫീഖിന്റെ എഴുത്തും പഠനവും ഗ്രീഷ്മയുടെ ജീവിതയാഥാർഥ്യങ്ങളും തമ്മിലുള്ള സംഘർഷത്തിലൂടെ വികസിക്കുന്ന “വലിയ ഇഷ്ടത്തോടുള്ള ചെറിയ പ്രവൃത്തികൾ’ എന്ന കഥയിൽ ഭാവനാ ജീവിതവും പ്രായോഗിക ജീവിതവും തമ്മിലുള്ള പൊരുത്തക്കേടുകൾ വരച്ചുകാട്ടുന്നു. ” ഏതെങ്കിലും പഠിക്കാത്ത മിടുക്കൻ ‘ എന്ന ഒരു പ്രയോഗം (കഥ, അവനവൾ ) പഠനം എന്നുള്ളതിന് ചിന്തനീയമായ നിർവചനം തന്നെയായി കരുതണം.
ഈ സമാഹാരത്തിലെ പല കഥകളിലും അജിത്രി ആവിഷ്കരിക്കുന്നത് നേരറിവുകൾക്കപ്പുറം ഒളിപ്പിച്ചുവെക്കപ്പെട്ട ഗൂഢമായ ജീവിത സത്യങ്ങളെയാണ്. മനുഷ്യബന്ധങ്ങളിലെ സ്വാർഥത വന്യമായ മാംസനിബദ്ധമായ ബന്ധങ്ങൾ തീർക്കുന്ന കുരുക്കുകൾ, ഒടുവിൽ നിലയ്ക്കാത്ത പടയോട്ടങ്ങൾക്കു ശേഷം ശൂന്യമാവുന്ന മനസ്സും ശരീരവും നിസ്സംഗതയോടെ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ദൗർബല്യങ്ങളും തമ്മിലുള്ള ദ്വന്ദസമാനമായ പോരാട്ടങ്ങളെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന കഥാ ശൈലിയാണ് അജിത്രിയുടെ രചനകൾ അവലംബമാക്കുന്നത്.

ഓട്ടോണമസിലെ രചനകളെ കഥകളെന്ന് വിളിക്കുമ്പോഴും പ്രത്യക്ഷമായി ഉപയോഗിക്കുന്ന വാക്കുകളിൽ ഒളിപ്പിച്ചുവെച്ച ചില മറുവാക്കുകളാൽ അത് പലയിടത്തും കവിതകളോട് അടുത്തു നിൽക്കുന്നത് കാണാം. ആ അർഥത്തിലാണ് അജിത്രിയുടെ ഈ രചന ലളിതവായനക്കപ്പുറം പുനർവായനയിൽ കൂടുതൽ തെളിച്ചം കൈവരുന്നതും. പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, വില 100 രൂപ.

ALSO READ  ഒരു ശരാശരി ജമാഅത്തുകാരന്റെ ആത്മസംഘര്‍ഷങ്ങള്‍