കഴിഞ്ഞ പത്തു വർഷങ്ങൾ… കാടിന്റെ മൺവഴികളിലൂടെ ക്യാമറയുമായി കടന്നുപോയ കാലങ്ങൾ … കാട്ടിലെ മഴയിൽ കുതിർന്നും മഞ്ഞിൽ കുളിർന്നും വെയിലിൽ വിയർത്തും തേടി നടന്ന ഫ്രെയിമുകൾ … തൃശൂർ ചിമ്മണി കാട് മുതൽ ആഫ്രിക്കയിലെ മസായിമാരാ പുൽമേടുകൾ വരെ എത്തിനിൽക്കുന്ന യാത്രാപർവം…മനസ്സിൽ പതിഞ്ഞ കാടിൻ ചിത്രങ്ങൾക്കൊക്കെ മനസ്സിൽ തൊട്ട അനുഭവങ്ങളുമുണ്ട്. ആദ്യകാലങ്ങളിൽ കാണുന്നതൊക്കെ പകർത്തുക എന്നൊരു രീതിയായിരുന്നു എല്ലാവരെയും പോലെ എനിക്കും… പക്ഷേ, വർഷങ്ങൾ കഴിഞ്ഞപ്പോൾ, നമുക്ക് മുന്നേ ഫോട്ടോഗ്രാഫി രംഗത്തേക്ക് വളരെ മുന്നേ നടന്നുപോയവരുടെ മാസ്റ്റർപീസ് ചിത്രങ്ങൾ കണ്ടപ്പോൾ, ഒരു റെക്കോർഡ് ഷോട്ടിനപ്പുറത്തേക്ക് ചിന്തിക്കണം, എന്ന് പഠിച്ചു. പ്രത്യേകിച്ച് നേച്ചർ ഫോട്ടോഗ്രാഫറായ പ്രവീൺ പി മോഹൻദാസിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ, നിരന്തരം അദ്ദേഹവുമായി സംവദിച്ചപ്പോൾ സ്വയം, സ്വന്തം ചിത്രങ്ങളെ വിലയിരുത്താൻ പഠിച്ചു. എങ്ങനെയാണ് ചിത്രങ്ങൾ ആസ്വാദകരുമായി സംവദിക്കേണ്ടത് എന്നുള്ളത് തിരിച്ചറിഞ്ഞു. പിന്നീട് ഓരോ ക്ലിക്കിന് മുന്പും മനസ്സിൽ രൂപപ്പെടുത്തേണ്ടി വരുന്ന ഫ്രെയിമുകൾ, കോമ്പോസിഷൻ ഇതെല്ലാം ഉൾക്കാഴ്ചയോടെ എടുക്കാൻ കഴിയണമെന്നത്, വളരെ വലിയ പാഠമായിരുന്നു. നമ്മൾ ക്യാമറയിലൂടെ നോക്കിക്കാണുന്ന കാഴ്ചകൾ അത് കാണികളുമായി സംവദിക്കുന്നിടത്താണ് ഫോട്ടോഗ്രാഫർ വിജയിക്കുന്നത്..
ചിന്തകളെ, അറിവുകളെ ശരിക്കും അപ്ഡേറ്റ് ചെയ്തുകൊണ്ടായിരുന്നു പിന്നീടുള്ള ഓരോ യാത്രയും. ഉൾക്കാടിന്റെ ഹൃദയങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ മനസ്സ് നിശ്ശബ്ദമായിരുന്നു. വീണ്ടും കണ്ണിലും ക്യാമറയിലും കാഴ്ചകളെത്തി. കരിവീരന്മാരും വന്യമൃഗങ്ങളും പക്ഷിവർണങ്ങളും…അങ്ങനെ ഒട്ടേറെ ചിത്രങ്ങൾ… പലപ്പോഴും എന്നെ മോഹിപ്പിച്ചുകൊണ്ട് ആ ഭാവക്കാഴ്ചകൾ ഞാൻ കണ്ടെത്തി. കാടിന്റെ, കാട്ടിലെ മാതൃഭാവങ്ങൾ .
എപ്പോഴും മനസ്സ് നിറക്കുന്നതും കണ്ണുകളിൽ വാത്സല്യം തുളുന്പുന്നതുമായ മാതൃഭാവങ്ങൾ. പലപ്പോഴായി പല കാടുകളിൽ നിന്നെടുത്ത വാത്സല്യഭാവങ്ങൾ ഒരു സീരിസ് ആകുകയാണ് ഇവിടെ. ഇനി ചിത്രങ്ങൾ സംസാരിക്കട്ടെ.

1. നേർവഴിയിലൂടെ…
ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനം. എനിക്കേറെ ഇഷ്ടപ്പെട്ട കാട്. ആനകളെ ഏറ്റവും നന്നായി ചിത്രങ്ങളെടുക്കാൻ കഴിയുന്ന ഇടം. അവിടെ അഞ്ച് തവണ പോയി. വല്ലാത്തൊരു അനുഭവമായിരുന്നു അത്.
കോർബെറ്റിലെ ധിക്കല റേഞ്ചിൽ രാംഗംഗ നദിക്കരയിൽ വെളുപ്പിന് തന്നെ ജീപ്പുകളിൽ ഫോട്ടോഗ്രാഫർമാർ കാത്തിരിക്കും. കൂട്ടംകൂട്ടമായി ആനകളെത്തും. അവർ വെള്ളം കുടിച്ച, ജലകേളികളാടി അവ മണൽവഴികളിലൂടെ, സാംബാർ റോഡിലേക്ക് കയറി സാൽമരങ്ങൾക്കിടയിലൂടെ ഉൾക്കാടിലേക്ക് കയറിപ്പോകും. ആനക്കൂട്ടങ്ങളുടെ ചേഷ്ടകൾ പകർത്താൻ ഫോട്ടോഗ്രാഫർമാർ ഉത്സുകരായി കാത്തിരിക്കും. ഞാൻ പലപ്പോഴും അവിടെ കാത്തിരിക്കാറുള്ളത് കുട്ടിയാനകളെ പകർത്താനാണ്. അങ്ങനെ ഒരു സായംസന്ധ്യയിലാണ് ആ അമ്മയും കുഞ്ഞും നടന്നുവരുന്നത്. കാടിന്റെ ഉയരത്തിൽ നിന്ന് നദിയിലെ സ്വർണത്തിളക്കമുള്ള വെള്ളത്തിലൂടെ അവ നീങ്ങി. നേർവഴി നയിച്ച അമ്മയുടെ കരുതൽ, ആ ഫ്രെയിമിലുണ്ടായിരുന്നു. എന്റെ മനസ്സിൽ ഇപ്പോഴും സ്വർണശോഭയോടെ അമ്മയും കുഞ്ഞും തിളങ്ങിനിൽക്കുന്നു.
2. ജാഗ്രത
മഹാരാഷ്ട്രയിലെ തടോബാ കടുവാസങ്കേതം. കടുവകളെ കൺനിറയെ കാണാൻ അഞ്ച് യാത്രകൾ നടത്തിയിട്ടുണ്ട്. ഒന്ന് രണ്ടു തവണ വെറും സെക്കൻഡുകൾ മാത്രം കണ്ടു തിരിച്ചു പോരേണ്ടിയും വന്നിട്ടുണ്ട്. ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളോടെ മാധുരി എന്ന അമ്മയേയും നാല് മക്കളെയും കാണാനായി. ക്യാമറയിൽ പകർത്താൻ പറ്റിയില്ല. പക്ഷേ, ഇരുട്ടിലൂടെ കണ്ട കടുവാ സൗന്ദര്യം. അത് ഇപ്പോഴും എന്നിൽ ആനന്ദത്തിന്റെ ലഹരി നിറക്കുന്നുണ്ട്.
2018ലെ ഒരു വേനൽ കാലത്താണ് ഈ ചിത്രം പകർത്തുന്നത്. ഫോറസ്റ്റ് ഗൈഡുമാർ ഓമനപ്പേരിട്ട് സോനം എന്ന് വിളിക്കുന്ന പെൺകടുവയും അവളുടെ മകന്റെയും ചിത്രം വളരെ രസകരമായി പകർത്താനായി. വെള്ളം കുടിക്കാനായി സോനവും മക്കളും ഈ കുളത്തിൽ എത്തുമെന്ന് പറഞ്ഞു ഞങ്ങൾ അവിടെ ജീപ്പിൽ കാത്തിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴാണ് സോനം വരുന്നത്. ചൂടകറ്റാൻ വെള്ളത്തിലേക്ക് കിടന്നു. പിന്നെ അമറിക്കൊണ്ട് മക്കളെ വിളിച്ചുകൊണ്ടിരുന്നു. മൂന്ന് മക്കളിൽ ഒരുവൻ മാത്രം പൊന്തക്കാടുകളിൽ നിന്ന് ഇറങ്ങിവന്നു. അവൻ വെള്ളത്തിലേക്ക് എത്തിയപ്പോൾ അമ്മയുടെ ജാഗ്രത കനത്തു. ചുറ്റും ഉറ്റുനോക്കി കൊണ്ട് അവൾ മകനെ കരുതലോടെ കൂടെ നിറുത്തി. കുറച്ചു സമയത്തിനു ശേഷം മകനെയും കൂട്ടി മറ്റു കുഞ്ഞുങ്ങളുടെ അരികിലേക്ക് ഭയരഹിതയായി നടന്നു; അമ്മയുടെ കരുതലോടെ…

3. അമ്മയുടെ പൊന്നുണ്ണി
ഏറ്റവും കൂടുതൽ പോയിട്ടുള്ള കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ നിന്നാണ് തൊപ്പിക്കുരങ്ങ് കുടുംബത്തിന്റെ ചിത്രം കണ്ടെത്തിയത്. ഫോറസ്റ്റ് ഓഫീസിന്റെ മുൻവശത്തെ മരത്തണലിൽ ഇവരുണ്ടായിരുന്നു. അച്ഛനും അമ്മയും ഈ കുഞ്ഞും. അവിടെയാരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയെടുത്ത് തിന്നുനോക്കുകയായിരുന്നു അവൻ. പിന്നെ അവനതുകൊണ്ട് അമ്മയുടെ അടുത്തെത്തി. അമ്മയെ കാണിച്ചുകൊടുത്തു. അമ്മയും കടിച്ചു നോക്കി. കഴിക്കാൻ പറ്റിയതല്ലന്നു മനസ്സിലായി, അത് കളഞ്ഞു. അതിനു ശേഷം കുറുമ്പുണ്ണി അമ്മയുടെ വാത്സല്യം ഏറ്റു വാങ്ങുന്ന നിമിഷങ്ങൾ. ഒട്ടും സമയം കളഞ്ഞില്ല. മാതൃവാത്സല്യത്തിന്റെ അനിർവചനീയ നിമിഷങ്ങളുമായി ആ ചിത്രങ്ങൾ പിറന്നു.

4. അമ്മക്കരുതൽ
രാജസ്ഥാനിലെ ഭരത്പൂർ പക്ഷി സങ്കേതം. ഞങ്ങൾ അവിടെയെത്തുന്നത് ഒരു ഫെബ്രുവരി യിലാണ്. പക്ഷികളുടെ വിസ്മയ ലോകമാണ് ഈ പക്ഷിസങ്കേതം. പെലിക്കനും സാരസ്കൃത കൊക്കുകളും വർണക്കൊക്കുകളും മൂങ്ങകളും… അങ്ങനെ ഒരുപാട് പക്ഷിവർഗങ്ങളുള്ള കാട്. സങ്കേതത്തിനടുത്ത ജലാശയത്തിന്റെ അറ്റത്തുള്ള മരങ്ങളിൽ എല്ലായിടത്തും വർണക്കൊക്കുകളുടെ കൂടുകളുണ്ട്. കുഞ്ഞുങ്ങളുണ്ട്. അവയുടെ ശബ്ദങ്ങൾ ഉയരുന്നു. ആയിരക്കണക്കിനെണ്ണം. പെട്ടന്നാണ് ഒരു കാര്യം എന്റെ കണ്ണിൽ ഉടക്കിയത്. തൊട്ടടുത്ത ജലാശയത്തിൽ നിന്ന് കൊക്കിൽ വെള്ളം ശേഖരിച്ചുവരുന്നു അമ്മപ്പക്ഷി. കൂടിനകത്തെ മക്കളുടെ കൊക്കിലേക്ക് പകരുന്നു. പല തവണ ഇതുപോലെ മക്കളുടെ ദാഹം അകറ്റാൻ അമ്മക്കൊക്കുകൾ പറക്കുന്നു. ഇടക്ക് മീനുകളുമായും എത്തുന്നു. മറക്കാനാകാത്ത നിമിഷങ്ങൾ. ഇതിനേക്കാൾ സുന്ദരമായി അമ്മക്കരുതൽ മറ്റെവിടെ കാണാൻ പറ്റും. ഹൃദയം കുളിർത്ത നിമിഷം.

5. വാത്സല്യനോട്ടം
2019ലാണ് ആഫ്രിക്കൻ രാജ്യമായ കെനിയയിലെ മസായിമാരയിലേക്ക് പോകുന്നത്. ഏഴ് ദിവസത്തെ യാത്ര. ചീറ്റകളും സിംഹക്കൂട്ടങ്ങളും പുള്ളിപ്പുലികളും വിൽഡ്‌ബീസ്റ്റുകളും. എവിടെ നോക്കിയാലും ക്യാമറക്കും കണ്ണിനും കാഴ്ചകൾ. രണ്ടാം ദിവസത്തെ യാത്രയിലാണ്. ഒരു സിംഹകുടുംബത്തെ കാണുന്നത്. “പ്രൈഡ്’ എന്നാണ് സിംഹകുടുംബത്തെ വിളിക്കുക. സിംഹങ്ങളും സിംഹികളുമായി ആറ് പേരടങ്ങുന്ന പ്രൈഡ്. പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. പൂച്ചക്കുഞ്ഞുങ്ങളെ പോലെ മൂന്നാലുമാസം എത്തിയ സിംഹക്കുഞ്ഞുങ്ങൾ അഞ്ചെണ്ണം നടന്നുവരുന്നു. പിന്നെ കുറുമ്പുകളുടെ ബഹളമായിരുന്നു. വാലിൽ കടിച്ചും അമ്മയുടെ അമ്മിഞ്ഞ നുണഞ്ഞും കുറുമ്പ് കാട്ടി. അതിനിടയിൽ ഒരുത്തൻ മൺകൂനയിലേക്കു കയറുന്നു. അതിൽ നിന്ന് ഉരുണ്ടു താഴേക്ക് വീഴുന്നു. അതുകണ്ടു അമ്മ എണീറ്റ് അവന്റെ അടുത്തേക്ക് നടക്കുന്നു. പിന്നെ സ്നേഹ വാത്സല്യത്തോടെ നോക്കുന്നു. ആ നിമിഷമാണാ ചിത്രം. മസായിമാര ഇതുപോലെ ഒരുപാട് മാതൃഭാവ ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
6. കുറുമ്പുണ്ണി
ബന്ദിപ്പൂർ കാട്ടിൽ നിന്ന് പകർത്തിയ ചിത്രം. ഹനുമാൻ കുരങ്ങുകളുടെ ഏറ്റവും നല്ല ചിത്രങ്ങൾ എടുക്കാൻ പറ്റിയ കാടാണിത്. വ്യത്യസ്ത മുഖഭാവങ്ങളോടെ ഇവയെ പകർത്താൻ കഴിയും. ഞങ്ങൾ അവിടെയെത്തിയ അന്ന് ചിത്രങ്ങളെടുക്കുമ്പോൾ ഒരു വലിയ വാനരക്കൂട്ടം തന്നെയുണ്ടായിരുന്നു. അതിനിടയിലാണ് ഈ അമ്മയും കുഞ്ഞും തമ്മിലുള്ള ചേഷ്ടകൾ കണ്ടത്. കുറുമ്പൻകുഞ്ഞ് പാല് കുടിക്കുകയും അമ്മയുടെ തലയിലെ കുഞ്ചിരോമങ്ങൾ വലിച്ച് കുസൃതി കാട്ടുകയും ചെയ്യുന്നു. കുഞ്ഞിന്റെ കുസൃതി ആസ്വദിച്ചിരിക്കുന്നു ആ മാതൃത്വം.
അങ്ങനെ കാടിന്റെ വഴികളിലൂടെയുള്ള യാത്രകളിലെല്ലാം ഇത്തരം കാഴ്ചകൾ ഞാൻ കണ്ടെത്താറുണ്ട്. പ്രകൃതിയുടെ ഏറ്റവും ശ്രേഷ്ഠമായ നിമിഷം മാതൃത്വം തന്നെയാണ്. “മദർ” നേച്ചർ എന്നല്ലേ നാം പ്രകൃതിയെ വിശേഷിപ്പിക്കുന്നത്.
.