ഇന്‍ഡോര്‍ | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ചതിന് സ്റ്റാന്‍ഡ്അപ് കൊമേഡിയനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെയാണ് അറസ്റ്റ് ചെയ്തത്. ഇന്‍ഡോറിലെ പുതുവത്സര ഷോ നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്.
പരിപാടി വീക്ഷിച്ച ഹിന്ദുത്വ പ്രവര്‍ത്തകരുടെ പരാതി പ്രകാരമാണ് ഫാറൂഖിയെയും സംഘാടകരായ നാല് പേരെയും അറസ്റ്റ് ചെയ്തത്. അമിത് ഷായെയും മത വിശ്വാസങ്ങളെയും പരിഹസിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഐ പി സി 188, 269, 34, 295എ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ഹിന്ദ് രക്ഷക് സംഘടന്‍ കണ്‍വീനര്‍ ഏകലവ്യ ഗൗര്‍ എന്നയാളാണ് പരാതി നല്‍കിയത്. ബി ജെ പി നേതാവ് മാലിനി ഗൗര്‍ എം എല്‍ എയുടെ മകന്‍ കൂടിയാണ് ഇയാള്‍. ഗോധ്രയിലെ വംശഹത്യയിലേക്ക് അമിത് ഷായുടെ പേര് വലിച്ചിഴച്ചുവെന്നും പരാതിയില്‍ പറയുന്നു.