ഉറുദു കലണ്ടര്‍; ശിവസേനക്കെതിരെ ബി ജെ പി

Posted on: January 1, 2021 10:03 pm | Last updated: January 2, 2021 at 7:20 am

മുംബൈ | ഹിന്ദുത്വ വിഷയത്തില്‍ ശിവസേനയെ വീണ്ടും ചോദ്യം ചെയ്ത് ബി ജെ പി. ഉര്‍ദുവില്‍ പ്രസിദ്ധീകരിച്ച ശിവസേനയുടെ പുതുവര്‍ഷ കലണ്ടറുമായി ബന്ധപ്പെട്ടാണ് ബി ജെ പിയുടെ പുതിയ ആക്രമണം. സേനയുടെ യുവജന വിഭാഗമായ യുവ സേനയുടെ വദാല ഘടകമാണ് കലണ്ടര്‍ പുറത്തിറക്കിയത്. ബാലസാഹേബ് താക്കറെയെ ജനാബ് ബാലസാഹേബ് താക്കറെ എന്നാണ് കലണ്ടറില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ഔറംഗബാദിനെ സാംബാജി നഗര്‍ എന്ന് പുനര്‍ നാമകരണം ചെയ്യണമെന്ന താക്കറെയുടെ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ ശിവസേന പരാജയപ്പെട്ടുവെന്ന് ബി ജെ പി എം എല്‍ എ. അതുല്‍ ഭട്ഖല്‍കര്‍ പറഞ്ഞു. പകരം ഹിന്ദു സാമ്രാട്ട് ബാലസാഹേബ് താക്കറെയെ ജനാബ് ബാലസാഹേബ് താക്കറെ എന്ന് പുനര്‍ നാമകരണം ചെയ്യുകയാണ് ശിവസേന ചെയ്തതെന്നും ഭട്ഖല്‍കര്‍ ആരോപിച്ചു. ‘മുസ്ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കാനാണ് സേന ഉറുദു കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. മുസ്ലിം വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കലണ്ടറിലുള്ളത്. ഛത്രപതി ശിവജി മഹാരാജ് ജയന്തിയെ ശിവജി ജയന്തി എന്ന് മാത്രം പരാമര്‍ശിച്ചിരിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു.’- ഭട്ഖല്‍കര്‍ പറഞ്ഞു.

അതേസമയം, പാര്‍ട്ടിയുടെ ഔദ്യോഗിക കലണ്ടറല്ല ഇതെന്ന് ശിവസേന ശാഖ പ്രമുഖ് സുരേഷ് കാല പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലയായതു കൊണ്ട് വര്‍ഷങ്ങളായി ഉറുദു കലണ്ടര്‍ പ്രസിദ്ധീകരിച്ചു വരികയാണെന്നും ഇരു പാര്‍ട്ടികളും ഒരുമിച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോള്‍ എന്തുകൊണ്ട് ബി ജെ പി ഇതിനെ ചോദ്യം ചെയ്തില്ലെന്നും സുരേഷ് കാല ചോദിച്ചു. പച്ച നിറത്തോട് ഇത്ര പ്രശ്‌നമുണ്ടെങ്കില്‍ ആദ്യം തങ്ങളുടെ പാര്‍ട്ടി പതാകയില്‍ നിന്ന് അത് ഒഴിവാക്കുകയാണ് ബി ജെ പി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.