ബേക്കറി ഉടമക്ക് ഭീഷണി; നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: January 1, 2021 10:23 am | Last updated: January 1, 2021 at 10:23 am

കൊച്ചി | ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ മാറ്റണമെന്നാവശ്യപ്പെട്ട് ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയതിന് എറണാകുളം കുറുമശ്ശേരിയില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
കുറുമശേരിയില്‍ രണ്ടാഴ്ച മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ബേക്കറിയി ഉടമയെയാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കിയില്ലെങ്കില്‍ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും, പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സംഘടനയുടെ ലെറ്റര്‍ പാഡിലുള്ള കത്തും കൈമാറി. ഇതേതുടര്‍ന്ന് കട ഉടമ സ്റ്റിക്കര്‍ നീക്കി.
എന്നാല്‍ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇടപെട്ട പോലീസ് കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മതസ്പര്‍ധ പ്രചരിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് നാലു ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരേ ചെങ്ങമനാട് പോലീസ് കേസെടുത്തിരിക്കുന്നത്.