ഒരിഞ്ചും പിന്നോട്ടില്ലാതെ കര്‍ഷകര്‍; പുതുവര്‍ഷ പുലരിയില്‍ സമരം ശക്തമാക്കും

Posted on: January 1, 2021 7:28 am | Last updated: January 1, 2021 at 12:45 pm

ന്യൂഡല്‍ഹി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്തെ അതിര്‍ത്തികളില്‍ നടക്കുന്ന പ്രക്ഷോഭം പുതുവര്‍ഷ പുലരിയില്‍ തീവ്രമാക്കുന്നു. സമരത്തിന് പിന്തുണയേകി അംഗന്‍വാടി ജീവനക്കാരികള്‍ അടക്കം ആയിരം വനിതകള്‍ സിംഗുവില്‍ പ്രതിഷേധ പ്രകടനം നടത്തും. സമരം 37-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് കിസാന്‍ സംഘര്‍ഷ് സമിതിയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കും.

കൂടാതെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗു കേന്ദ്രീകരിച്ച് നിരവധി പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അംഗന്‍വാടി ജീവനക്കാരികളും, ആശ വര്‍ക്കര്‍മാരും അടക്കം ആയിരം വനിതകള്‍ ചുവന്ന യൂണിഫോം ധരിച്ച് പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

അതേസമയം, രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും അടക്കം പൊലീസ് പ്രയോഗിച്ചതിനെ കിസാന്‍ സംഘര്‍ഷ് സമിതി അപലപിച്ചു.