വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ക്യാമ്പസുകളില്‍ അനിവാര്യം: മുഖ്യമന്ത്രി

Posted on: December 31, 2020 6:11 pm | Last updated: December 31, 2020 at 11:16 pm

തിരുവനന്തപുരം |  വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം കലാലയങ്ങളില്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥി പ്രസ്ഥാനം എന്നാല്‍ രാഷ്ട്രീയത്തിലേക്ക് നേതാക്കളെ സംഭാവന ചെയ്യലല്ല. ദീര്‍ഘ വീക്ഷണവും പൊതുബോധവുമുള്ളവരെ വാര്‍ത്തെടുക്കലാണ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇത് എസ് എഫ് ഐ ചെയ്യുന്നുണ്ടെന്നും പിണറായി പറഞ്ഞു. എസ് എഫ് ഐ സുവര്‍ണ ജൂബിലിയുമായി ആഘോഷിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മത വര്‍ഗീയ വാദികള്‍ ക്യാമ്പസുകളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ എസ് എഫ് ഐ യുടെ പ്രാധാന്യം വലുതാണ്. എല്ലാ രംഗത്തും പ്രതിഭകളെ എസ് എഫ് ഐ സംഭാവന ചെയ്തിട്ടുണ്ട്. വര്‍ഗീയ വാദികളുടെ കണ്ണില്‍ എസ് എഫ് ഐ ശത്രുക്കളായി മാറുന്നുവെന്നും പിണറായി പറഞ്ഞു.