Connect with us

National

2020 അവർ തണുത്ത തെരുവിൽ തന്നെ

Published

|

Last Updated

2019നെ പോരാട്ടഭരിതമാക്കിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഐതിഹാസിക സമരമായിരുന്നുവെങ്കിൽ പിന്നിടുന്ന വർഷത്തിൽ പ്രക്ഷോഭ മുദ്ര ചാർത്തുന്നത് കർഷകരാണ്. കൊവിഡ് കാലം നിശ്ചലമാക്കിയ പൊതു മണ്ഡലത്തെ ആ സമരം ഊർജസ്വലമാക്കി.

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുന്ന മൂന്ന് നിയമങ്ങളെ കർഷകർ തെരുവിൽ നേരിടുകയാണ്. സെപ്തംബറിൽ തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തലസ്ഥാന നഗരിയുടെ അതിർത്തികളിൽ ജ്വലിച്ചു നിൽക്കുന്നു. പഞ്ചാബിൽ നിന്ന് തുടങ്ങിയ സമരം നാടാകെ പടരുന്നു.
ഒരു വർഷമെങ്കിലും ഇതൊന്ന് നടപ്പാക്കാൻ അനുവദിക്കൂ എന്ന് കേണപേക്ഷിക്കേണ്ടി വന്നു സർക്കാറിന്. അഞ്ചാഴ്ച പിന്നിട്ട കർഷക സമരം കൂടുതൽ ശക്തിപ്പെടുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഈ വർഷത്തെ അവസാന മൻ കി ബാത്ത് അവതരിപ്പിച്ചത്. എന്നാൽ കർഷക പ്രശ്‌നങ്ങളെക്കുറിച്ച് ഒരു പരാമർശവും അതിലുണ്ടായില്ല. കൊവിഡും പുതിയ വർഷവും ആത്മനിർഭർ ഭാരതുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങൾ. കർഷക പ്രക്ഷോഭം തനിക്കൊരു വിഷയമേ അല്ലെന്ന മട്ടിലാണ് അദ്ദേഹത്തിന്റെ നീക്കങ്ങൾ.

ഒന്നോ രണ്ടോ വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കി നോക്കാം. കർഷകർക്ക് ദോഷകരമെന്നു കണ്ടാൽ സർക്കാർ ആവശ്യമായ എല്ലാ ഭേദഗതികളും വരുത്തുകയും ചെയ്യാമെന്നാണ് മന്ത്രി രാജ്‌നാഥ് സിംഗ് പറയുന്നത്. ഒരു കെണിയാണത്.

ഒരുപക്ഷേ, കർഷകരെ ആശ്വസിപ്പിക്കാനായി ആദ്യത്തെ ഒന്നോ രണ്ടോ വർഷം ചെറുകിട കർഷകരെ ദോഷകരമായി ബാധിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ തന്ത്രപരമായി മരവിപ്പിച്ചെന്നും വരാം. ക്രമേണ അത് നടപ്പാക്കി തുടങ്ങുകയും കർഷകർ വെട്ടിലാകുകയും ചെയ്യും.
കാർഷിക ഉത്പാദന വ്യാപാര വാണിജ്യ (പ്രോത്സാഹന) ബിൽ, പാട്ട കൃഷിക്ക് പ്രോത്സാഹനം നൽകുന്ന കർഷക വില സ്ഥിരതാ കാർഷിക സേവന കരാർ ബിൽ, അവശ്യ സേവന നിയമ (ഭേദഗതി) ബിൽ എന്നിവയാണ് വിവാദ ബില്ലുകൾ. നിയമം നടപ്പാക്കുമ്പോൾ താങ്ങുവില അവസാനിക്കും. മണ്ഡി മാർക്കറ്റുകൾ പൂട്ടും. കുത്തക സംഭരണം ഊർജിതമാകും. കരാർ കൃഷി പൊടിപൊടിക്കും. പൊതു വിതരണ സംവിധാനം താറുമാറാകും.

രാജ്യത്തെ ഊട്ടിയവർ കൊടും തണുപ്പത്ത് തെരുവിൽ കിടക്കുകയാണ്. ഉള്ളിൽ അണയാത്ത പോരാട്ടക്കനൽ ഉള്ളത് കൊണ്ടാണ് ജീവിത സായാഹ്നത്തിൽ എത്തിനിൽക്കുന്നവരടക്കം ആയിരങ്ങൾ സമരമുഖത്ത് നിലയുറപ്പിക്കുന്നത്. അവരെ നേരിടാൻ സർക്കാർ എന്തൊക്കെ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്? സായുധസജ്ജരായി എത്രമാത്രം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്? സമരം പൊളിക്കാൻ ബഹുമുഖ തന്ത്രങ്ങളാണ് സർക്കാറും ഭരണകക്ഷിയായ ബി ജെ പിയും ഒരുക്കുന്നത്?

Latest