Connect with us

Pathanamthitta

ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പടിയിറങ്ങുന്നു; യാത്രയയപ്പ് നല്‍കി

Published

|

Last Updated

ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന് ജില്ലാപോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പു ചടങ്ങ് രാജു ഏബ്രഹാം എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട |  കേരളാപോലീസ് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആധുനിക വല്‍ക്കരണത്തിലേക്കു പുരോഗമിക്കുകയാണെന്ന് രാജു എബ്രഹാം എം എല്‍ എ പറഞ്ഞു. ഈ മാസം 31ന് 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കേരളാ പോലീസില്‍നിന്നും പടിയിറങ്ങുന്ന ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന് ജില്ലാപോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പു ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ.

പോലീസില്‍ സബ് ഇന്‍സ്പെക്ടറായി ജോലിക്ക് കയറിയ കെ ജി സൈമണ്‍, കേസുകളുടെ അന്വേഷണത്തില്‍ സര്‍വിസിന്റെ തുടക്കം മുതല്‍ ഇതുവരെ കൗതുകവും ത്വരയും നിലനിര്‍ത്തി. അതിന്റെ തെളിവാണ് കൂടത്തായി കൂട്ടക്കൊല കേസുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ തുമ്പുണ്ടാക്കാനും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും സാധിച്ചത്. സ്വയം ആര്‍ജിച്ചെടുത്ത കഴിവും പോലീസിലെ പുത്തന്‍ സാങ്കേതികത്വവും സമന്വയിപ്പിച്ച് കേസ് അന്വേഷണരംഗത്തു തന്റെതായ പാത വീട്ടിത്തുറന്ന് ഒടുവില്‍ “കൂടത്തായി സൈമണ്‍ ” എന്ന വിളിപ്പേര് സാമ്പാദിച്ചു മുഴുവന്‍ സേനാംഗങ്ങള്‍ക്കും മാതൃകയായി മാറിയ ജില്ലാ പോലീസ് മേധാവിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും എം എല്‍ എ പറഞ്ഞു.

.സത്യസന്ധമായും നേര്‍വഴിക്കും ജോലിചെയ്യുകയും സാമ്പത്തികമോ മറ്റോ ആയ താല്പര്യങ്ങള്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്തു മുന്നേറുന്നവരെ ജനം അംഗീകരിക്കുമെന്നും അത്തരക്കാര്‍ക്ക് കേരളാ പോലീസ് ജോലിചെയ്യാനുള്ള ഏറ്റവും നല്ല ഡിപ്പാര്‍ട്ട്്മെന്റാണെന്നും മറുപടിപ്രസംഗത്തില്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു. പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി എന്‍ അനീഷ് അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി ജയചന്ദ്രന്‍, ട്രഷറര്‍ അന്‍സി, അഡിഷണല്‍ എസ് പി എ യു സുനില്‍കുമാര്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ആര്‍ ജോസ്, സി ബ്രാഞ്ച് ഡി വൈ എസ് പി ആര്‍ സുധാകരന്‍ പിള്ള, പത്തനംതിട്ട ഡി വൈ എസ് പി കെ സജീവ്, ഓഫീസര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് ന്യുമാന്‍ സംസാരിച്ചു.