Kerala
മേയര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പുകള്‍ ഇന്ന്

തിരുവനന്തപുരം | കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്നാണ്. മേയര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് രാവിലെ 11നും ഡെപ്യൂട്ടി മേയര്‍, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ഉച്ചകഴിഞ്ഞു രണ്ടിനുമാണു തിരഞ്ഞെടുപ്പ്.
ജില്ലാ കലക്ടറാണ് കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വരണാധികാരി. ഓപ്പണ്‍ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തിയാകും വോട്ട് ചെയ്യുക. നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ഥി ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. രണ്ടു സ്ഥാനാര്‍ഥികളാണെങ്കില്‍ കൂടുതല്‍ സാധുവായ വോട്ട് കിട്ടുന്നയാള്‍ തിരഞ്ഞെടുക്കപ്പെടും. രണ്ടു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും.
രണ്ടിലധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കാനുണ്ടായാല്‍ ഒരു സ്ഥാനാര്‍ഥിക്ക് മറ്റെല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൂടി കിട്ടിയിട്ടുള്ള മൊത്തം വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചാല്‍ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കും. മറ്റു സ്ഥാനാര്‍ഥികളുടെ മൊത്തം വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചില്ലെങ്കില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയെ ഒഴിവാക്കി ശേഷിക്കുന്ന സ്ഥാനാര്‍ഥികളെ വച്ച് വീണ്ടും വോട്ടെടുപ്പ് നടത്തും. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. കൗണ്‍സില്‍ ഹാളില്‍ സാമൂഹിക അകലം, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്.