Connect with us

Ongoing News

ഒടുവില്‍ മഞ്ഞപ്പടക്ക് കാത്തിരുന്ന ജയം; ജയമില്ലാ ടീമെന്ന പേരുദോഷം മാറി

Published

|

Last Updated

മഡ്ഗാവ് | ഈ സീസണിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മലയാളി താരം അബ്ദുല്‍ ഹക്കുവും ജോർദാൻ മുറെയും നേടിയ ഗോളുകളില്‍, ജയമില്ലാ ടീമെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പേരുദോഷം മാറി. ഐ എസ് എല്ലിലെ 40ാം മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയെയാണ് മഞ്ഞപ്പട എതിരില്ലാത്ത രണ്ട് ഗോളിന് മലര്‍ത്തിയടിച്ചത്. ബാംബോലിം ജി എം സി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

ഫകുന്തോ പെരേരയുടെ അസിസ്റ്റില്‍ 29ാം മിനുട്ടിലാണ് മലപ്പുറം സ്വദേശിയായ അബ്ദുല്‍ ഹക്കു ഗോള്‍ നേടിയത്. 88ാം മിനുട്ടിലാണ് മുറെയുടെ ഗോൾ. പെരേരയുടെ ഫ്രീകിക്ക് കൃത്യമായ ഹെഡറിലൂടെ ഹക്കു വലയിലാക്കുകയായിരുന്നു. 20ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദിന് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചതിന് പിന്നാലെയായിരുന്നു ഹക്കുവിന്റെ ഗോള്‍.

32ാം മിനുട്ടിലും ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ജീക്‌സണ്‍ സിംഗിന് നേരെയാണ് റഫറി രഞ്ജിത് ബക്സി മഞ്ഞക്കാര്‍ഡ് ഉയർത്തിയത്.

82ാം മിനുട്ടില്‍ രാഹുല്‍ കെ പിക്ക് മികച്ചൊരു അവസരം ലഭിച്ചിരുന്നു. വലതുഭാഗത്ത് നിന്ന് ലഭിച്ച ബോളുമായി ഹൈദരാബാദിന്റെ ബോക്‌സിലേക്ക് കട്ട് ചെയ്ത് കയറിയ രാഹുല്‍ ഷൂട്ട് ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ സുബ്രത പോള്‍ സേവ് ചെയ്തു. അപ്പുറത്ത് 87ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസും ഒന്നാന്തരമൊരു സേവ് പുറത്തെടുത്തു. തൊട്ടടുത്ത മിനുട്ടില്‍ ജോര്‍ദാന്‍ മുറെ രണ്ടാം ഗോള്‍ നേടി ഹൈദരാബാദിന്റെ പതനം പൂര്‍ണമാക്കി. തൊട്ടുപിന്നാലെ മുറെയെ കോച്ച് തിരിച്ചുവിളിച്ചു. പ്രശാന്ത് കറുത്തേടത്ത്കുനിയാണ് പകരം ഇറങ്ങിയത്.

മറുപക്ഷത്ത് മുഹമ്മദ് യാസിർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിശ്ചിത സമയം പൂർത്തിയായതിനെ തുടർന്ന് അഞ്ച് മിനുട്ട് റഫറി അധികം നൽകിയെങ്കിലും ആക്രമണങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാൻ ഹൈദരാബാദിന് സാധിച്ചില്ല.

Latest