Kasargod
നേതൃത്വത്തെ തള്ളി ലീഗ് അണികൾ; ഔഫിന്റെ കൊലയാളിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ പരസ്യ ക്യാമ്പയിൻ

കാസർകോഡ് | കാഞ്ഞങ്ങാട് എസ് വൈ എസ് പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫിനെ കുത്തികൊലപ്പെടുത്തിയവരെ യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ തള്ളിപ്പറഞ്ഞിട്ടും ഒന്നാം പ്രതി ഇർഷാദിനും മറ്റുള്ള പ്രതികൾക്കും പിന്തുണകളുമായി കാസർകോഡ് യൂത്ത് ലീഗ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ കാംപയിൻ സജീവമാക്കുന്നു. ഇർഷാദിന്റെ ഫേസ്ബുക് പ്രൊഫൈൽ ടാഗ് ചെയ്തിട്ട പോസ്റ്റുകളിൽ നൂറുകണക്കിന് ലീഗ് പ്രവർത്തകരാണ് കൊലയാളിക്ക് പിന്തുണയുമായി എത്തുന്നത്.
ഏത് നേതൃത്വം തള്ളിക്കളഞ്ഞാലും തങ്ങൾ ഇർഷാദിന്റെ കൂടെയുണ്ടാകുമെന്നു ഇവർ വ്യക്തമാക്കുന്നു. പല കമന്റുകളിലും സുന്നി പ്രവർത്തകരെ പരിഹസിക്കുന്നുമുണ്ട്. ലീഗ് നേതൃത്വത്തിന് അണികളിൽ സ്വാധീനമില്ല എന്നതിന്റെ സൂചനയായാണ് ഇത്തരം കമന്റുകൾ വിലയിരുത്തപ്പെടുന്നത്.
കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാൻ മംഗലാപുരത്തേക്ക് മുങ്ങിയ ഇർഷാദിനെ പോലീസ് കസ്റ്റഡിയിൽ കൊണ്ട് വരികയായിരുന്നു. ഇർഷാദിനെ രക്ഷപ്പെടാൻ സഹായിച്ച പ്രാദേശിക ലീഗ് നേതാക്കളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.