Connect with us

Ongoing News

അടി, തിരിച്ചടി; ചെന്നൈയിനെയും സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍

Published

|

Last Updated

മഡ്ഗാവ് | ഐ എസ് എല്ലിലെ 39ാം മത്സരത്തില്‍ എസ് സി ചെന്നൈയിന്‍ എഫ് സിയെ സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍. രണ്ട് ഗോളുകള്‍ വീതമാണ് ഇരു ടീമുകളും നേടിയത്. മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു ഗോളാണ് പിറന്നതെങ്കില്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളാണുണ്ടായത്. ലല്ല്യന്‍സുവല് ഛാംഗ്‌തെ, റഹീം അലി എന്നിവരാണ് ചെന്നൈയിന് വേണ്ടി ഗോളുകള്‍ നേടിയത്. മറ്റി സ്റ്റീന്‍മാന്‍ ആണ് ഈസ്റ്റ് ബംഗാളിന്റെ രണ്ട് ഗോളുകളും നേടിയത്.

തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 13ാം മിനുട്ടില്‍ തന്നെ ജേക്കബ് സില്‍വസ്റ്ററിന്റെ അസിസ്റ്റില്‍ ഛാംഗ്‌തെ ചെന്നൈയിന് വേണ്ടി ഗോള്‍ നേടി. മൈതാനത്തിന്റെ പകുതിയില്‍ നിന്ന് സില്‍വസ്റ്റര്‍ കൊടുത്ത ബോളുമായി അതിവേഗം കുതിച്ച ലല്ല്യന്‍സുവല ഛാംഗ്‌തെ 40 യാര്‍ഡ് ദൂരം എളുപ്പം പിന്നിട്ട് ഈസ്റ്റ് ബംഗാളിന്റെ ബോക്‌സില്‍ കയറുകയായിരുന്നു. ഗോള്‍കീപ്പര്‍ ദേബ്ജിത് മജുംദാര്‍ നേരെ വന്നെങ്കിലും നേരിയ വിടവിലൂടെ ഛാംഗ്‌തെ ബോള്‍ വലയിലാക്കുകയായിരുന്നു.

ഒന്നാം പകുതി പിന്നിടുമ്പോഴും ചെന്നൈയിനെതിരെ ഗോള്‍ മടക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല. എന്നാല്‍ 59ാം മിനുട്ടില്‍ മറ്റി സ്റ്റീന്‍മാന്‍ സമനില പിടിച്ചു. പക്ഷേ, സന്തോഷം അധികനേരം നീണ്ടില്ല. ജേക്കബ് സില്‍വസ്റ്ററിന്റെ തന്നെ അസിസ്റ്റില്‍ റഹീം അലി ചെന്നൈയിന്റെ രണ്ടാം ഗോള്‍ നേടി.

എന്നാല്‍, ഈസ്റ്റ് ബംഗാള്‍ സമനില നേടുന്ന കാഴ്ചയാണ് അധികം വൈകാതെ തിലക് മൈതാന്‍ സ്റ്റേഡിയം കണ്ടത്. മറ്റി സ്റ്റീന്‍മാന്‍ തന്നെയാണ് രണ്ടാം സമനില ഗോളും നേടിയത്. നിശ്ചിത സമയത്തും അഞ്ച് മിനുട്ടുള്ള അധിക സമയത്തും സമനില പൊളിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. അധികസമയത്ത് മാത്രമാണ് റഫറി ഹരീഷ് കുന്ദുവിന് മഞ്ഞക്കാർഡ് ഉയർത്തേണ്ടി വന്നത് എന്നത് കളിയുടെ നിലവാരത്തെയാണ് കാണിക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ ജാക്വിസ് മഗോമക്കാണ് മഞ്ഞക്കാർഡ് ലഭിച്ചത്.