Kerala
തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ അടിച്ച്‌കൊന്നു

ചെന്നൈ | മലയാളി യുവാവിനെ തമിഴ്‌നാട്ടില്‍ അടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശി അല്ലൂര്‍ വിശാലാക്ഷ്മി നഗറില്‍ ദീപുവാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലാണ സംഭവം. മോഷ്ടാക്കളെന്ന് സംശയിച്ചാണ് ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും ആളുകള്‍ മര്‍ദിച്ചത്. അരവിന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 12 മണിയോടെ തിരുച്ചിറപ്പള്ളി നഗരത്തിന് സമീപമുള്ള ജിയാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ദീപുവിനെയും അരവിന്ദനെയും നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇത് വാക്കുതര്‍ക്കത്തിലും പിന്നീട് മര്‍ദനത്തിലും കലാശിക്കുകയായിരുന്നു. വീട് കുത്തിത്തുറക്കാന്‍ എത്തിയതാണെന്ന് സംശയിച്ചായിരുന്നു മര്‍ദനം. സാരമായി പരുക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്തുടര്‍ന്ന നാട്ടുകാര്‍ ദീപുവിനെ പിടികൂടി തിരികെ എത്തിച്ച് ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വിവരമറിഞ്ഞ് ജിയാപുരം പോലീസ് സ്ഥലത്തെത്തി ദീപുവിനെ മഹാത്മഗാന്ധി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. ഇതിനിടെ വാഴത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന അരവിന്ദിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.
തിരുവനന്തപുരത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് മരിച്ച ദീപുവെന്ന് വിവരമുണ്ട്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ തേടി തമിഴ്‌നാട് പോലീസ് തിരുവനന്തപുരത്ത് എത്തും.