Connect with us

Kerala

കെ സുരേന്ദ്രന്റെ നീക്കം പാളി; ശോഭാ സുരേന്ദ്രനെ പിന്തുണച്ച് കൃഷ്ണദാസ് പക്ഷം

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി ലക്ഷ്യമിട്ട് കെ സുരേന്ദ്രന്‍ വിഭാഗം നടത്തിയ നീക്കം പാളി. ബി ജെ പി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെ പിന്തുച്ച കൃഷ്ണദാസ് പക്ഷം സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനെതിരെ ആഞ്ഞടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിചാരിച്ച വിജയം നേടാന്‍ കഴിയാത്തതിന് കാരണം ശോഭാ സുരേന്ദ്രന്‍ പ്രചരണത്തിന് ഇറങ്ങാത്തതാണെന്നായിരുന്നു വ്യാഴാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍
കെ സുരേന്ദ്രന്റെ വിമര്‍ശം. ശോഭക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്നും സുരേന്ദ്രന്‍ അനുകൂലികള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ശോഭ ഇറങ്ങാത്തതുകൊണ്ടാണ് ബി ജെ പി തോറ്റതെങ്കില്‍ സുരേന്ദ്രന്‍ രാജിവെച്ച് ശോഭ പ്രസിഡന്റാകട്ടെയെന്നായിരുന്നു ഇതിന് എതിര്‍ വിഭാഗം നല്‍കി മറുപടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ലഭിച്ചത് മികച്ച അവസരമാണ്. എന്നാല്‍ അത് നഷ്ടപ്പെടുത്തി. ഒരു കേന്ദ്രമന്ത്രിയും മൂന്ന് എം പിമാരും കേരളത്തിലുണ്ടായിട്ടും നല്ല ഫലമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് ചര്‍ച്ച ചെയ്യണമെന്നും ശോഭാ പക്ഷം ആവശ്യപ്പെട്ടു.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് പദവി വഹിക്കുന്നവര്‍ക്ക് വ്യക്തിവിരോധം പാടില്ലെന്ന് കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി. ശോഭയെ പ്രവര്‍ത്തനം രംഗത്ത് നിന്നും മാറ്റി നിര്‍ത്തിയത് എന്തിനാണ്. തിരഞ്ഞെടുപ്പിലും അതിന് മുമ്പും അവര്‍ക്ക് എന്തായിരുന്നു ചുമതല. സംസ്ഥാന പര്യടനം നടത്തുന്ന നേതാക്കളുടെ പട്ടികയില്‍ ശോഭയെ ഉള്‍പ്പെടുത്തിയിരുന്നോ എന്നും കൃഷ്ണദാസ് പക്ഷം ചോദിച്ചു.

കെ സുരേന്ദ്രനും വി മുരളീധരനും തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു. കോര്‍ കമ്മിറ്റി അംഗങ്ങളുടെ കടുത്ത വിമര്‍ശനത്തിനൊപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണനും സുരേന്ദ്രനെ വിമര്‍ശിച്ചു. ഇതോടെ ശോഭയെ പുറത്താക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം കോര്‍ കമ്മറ്റി തള്ളി. നേതാക്കളുടെ പരസ്യ പ്രസ്താവനക്ക് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തി.

---- facebook comment plugin here -----

Latest