മുസ്‌ലിം ലീഗിന്റെ ശത്രുക്കള്‍ മുസ്‌ലിംകളാണ്

Posted on: December 24, 2020 11:58 pm | Last updated: December 25, 2020 at 4:15 pm

എന്തുകൊണ്ടാണ് മുസ്‌ലിം ലീഗിന്റെ കൊലക്കത്തി പരമ്പരാഗത മുസ്‌ലിംകളുടെ തന്നെ ജീവനെടുക്കുന്നു?

ഒന്നാമത്തെ കാരണം മതപരം തന്നെയാണ്. യഥാര്‍ഥ മതബോധം മുന്നോട്ട് വെക്കുന്നവരാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘടനയിലെ പ്രവര്‍ത്തകരും നേതാക്കളും. മതത്തിലെ എല്ലാ തരം തീവ്രവാദ സ്രോതസ്സുകളെയും അവര്‍ ശക്തിയുക്തം എതിര്‍ക്കുന്നു. വഹാബിസത്തിനും മൗദൂദിസത്തിനുമെതിരായ പോരാട്ടമാണ് ആ വിശ്വാസി സംഘത്തെ സൃഷ്ടിച്ചത്. എന്നാല്‍ ലീഗ് എക്കാലത്തും മതത്തിലെ ഛിദ്ര ശക്തികളെ പ്രോത്സാഹിപ്പിച്ചു. അവര്‍ക്കായി രാഷ്ട്രീയ അജന്‍ഡകള്‍ സൃഷ്ടിച്ചു. പരമ്പരാഗത മുസ്‌ലിംകളുടെ പണ്ഡിത സഭയെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി. അപ്പോള്‍ കാന്തപുരവും സംഘവും യഥാര്‍ഥ മതം ഉയര്‍ത്തിപ്പിടിക്കാന്‍ പണ്ഡിത സഭ പുനഃസംഘടിപ്പിച്ചു. അന്ന് തുടങ്ങിയതാണ് ലീഗിന്റെ ചോരക്കൊതി. ഹിജാസിലെ ആയിരക്കണക്കിന് മനുഷ്യരെ കൊന്നു തള്ളിയാണല്ലോ വഹാബിസം സ്ഥാപിച്ചത്. മുസ്‌ലിം ലീഗ് അത് തന്നെ പകര്‍ത്തുന്നു.

രണ്ടാമത്തെ കാരണം രാഷ്ട്രീയമാണ്. മതചിഹ്നങ്ങള്‍, മത സ്ഥാപനങ്ങള്‍, മത സ്വത്വം എല്ലാം തരാതരം എടുത്തു പയറ്റി ലീഗ് കളിക്കുന്ന രാഷ്ട്രീയം എത്രമാത്രം അധാര്‍മികവും നീതികെട്ടതുമാണെന്ന് സുന്നീ സംഘടനകള്‍ സധീരം തുറന്നു കാണിക്കുന്നു. ലീഗ് പരിമിതികള്‍ക്കിടയില്‍ നിശ്ശബ്ദമായിരിക്കുമ്പോള്‍ ഫാസിസത്തിനെതിരെ ശക്തമായ ആശയപ്രചാരണം അവര്‍ നടത്തുന്നു. സാമ്രാജ്യത്വം വിസമ്മതിക്കുക, സമരമാണ് ജീവിതം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വെക്കുന്നു. മുസ്‌ലിം രാഷ്ട്രീയ ബോധം മുസ്‌ലിം ലീഗ് പറയുന്നതല്ലെന്ന് അവര്‍ സൈദ്ധാന്തികമായി തന്നെ അവതരിപ്പിക്കുന്നു. ലീഗിന് നിയന്ത്രിക്കാനാകാത്ത വോട്ട് ബേങ്ക് സൃഷ്ടിക്കുന്നു. യഥാര്‍ഥ മതവിശ്വാസിയുടെ രാഷ്ട്രീയ ഇടപെടലിന് പുതിയ വഴിവെട്ടുന്നു. എങ്ങനെ ലീഗ് ഇത് സഹിക്കും? കൊന്നും ഭയപ്പെടുത്തിയും തെറിവിളിച്ചുമല്ലാതെ ലീഗ് ഇത് എങ്ങനെ മറികടക്കും.

മൂന്നാമത്തെ കാരണം ജീവകാരുണ്യമാണ്. വോട്ടും അധികാരവും പിടിച്ചെടുക്കുയെന്ന ആത്യന്തിക ലക്ഷ്യം മുന്‍നിര്‍ത്തി ജീവകാരുണ്യ രംഗത്ത് ലീഗ് സൃഷ്ടിച്ചെടുത്ത ചില പതിവുകളുണ്ട്. പ്രവാസികളടക്കമുള്ള മനുഷ്യ സ്‌നേഹികളുടെ വിയര്‍പ്പിന്റെ മണമുള്ള പണം ലീഗിന്റെ രാഷ്ട്രീയ മൂലധനമായി മാറുകയാണ് ചെയ്യാറുള്ളത്. അവിടെയാണ് എസ് വൈ എസ് സാന്ത്വനവും ഐ സി എഫുമെല്ലാം നിസ്വാര്‍ഥ സേവനത്തിന്റെ വിജയഗാഥകള്‍ തീര്‍ത്തത്. മനസ്സില്‍ കരുണയുള്ള മനുഷ്യര്‍ അവരുടെ പണം ഈ സംഘടനകളെ വിശ്വസിച്ചേല്‍പ്പിക്കുന്നു. ഒരു ചില്ലിക്കാശ് വാങ്ങാതെ കൊവിഡ് കാലത്ത് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ പറക്കുന്നു. നോക്കൂ, ലീഗിന്റെ കൊലക്കത്തിക്കിരയാകുന്നത് സാന്ത്വനം പ്രവര്‍ത്തകരാണ്.

ഇ കെ വിഭാഗം എന്ന് വിളിക്കപ്പെടുന്ന, ലീഗിന്റെ കൂടെയുള്ള സുന്നികള്‍ എപ്പോഴെങ്കിലും സന്തം നിലപാട് ആര്‍ജവത്തോടെ വിളിച്ചു പറഞ്ഞു നോക്കട്ടേ. ലീഗിന്റെതല്ലാത്ത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കട്ടെ. അപ്പോള്‍ അവരെയും കൊന്നു തള്ളും. ലീഗിന്റെ ശത്രുക്കള്‍ മുസ്‌ലിംകളാണ്. ആര്‍ എസ് എസല്ല.