Kerala
ക്ഷേമ പെന്‍ഷന്‍ നൂറു രൂപ കൂട്ടി; സൗജന്യ ഭക്ഷ്യക്കിറ്റ് അടുത്ത നാല് മാസം കൂടി തുടരും

തിരുവനന്തപുരം | സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ പെന്‍ഷന്‍ 1500 രൂപയായി ഉയരും. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് നല്‍കിവരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത നാല് മാസത്തേക്ക് കൂടി തുടരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2021 ജനുവരി ഒന്നു മുതല്‍ പുതുക്കിയ ക്ഷേമപെൻഷൻ നിലവിൽ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ രണ്ടാം ഘട്ട നൂറുദിന കര്‍മപരിപാടി ആരംഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഡിസംബർ ഒൻപതിനാണ് ഇത് തുടങ്ങിയത്. 5700 കോടി രൂപയുടെ 5526 പദ്ധതികള്‍ ഇതില്‍ നടപ്പാക്കും. കൊവിഡ് മാന്ദ്യം പരിഹരിക്കുകയാണ് ലക്ഷ്യം. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. 50,000 പേര്‍ക്ക് ഈ പദ്ധതിയില്‍ തൊഴില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകടനപത്രികയില്‍ പറഞ്ഞ 600 വാഗ്ദാനങ്ങളിൽ 570 എണ്ണം സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ തുടങ്ങും. ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി ഉദ്ഘാടനം ജനുവരി അഞ്ചിന് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്.
300 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടും. അഞ്ച് കോടി ചെലവില്‍ 50 സ്‌കൂളുകളും മൂന്ന് കോടി ചെലവില്‍ 30 സ്‌കൂളുകളും നവീകരിക്കും. 80 പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തും. 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31-ന് മുമ്പ് നടത്തും. മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും.അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉല്പാദനം ആരംഭിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.