Kerala
കാര്‍ഷിക നിയമം: ഡിസംബര്‍ 31ന് നിയമസഭ ചേരാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പ്രമേയം പാസ്സാക്കുന്നതിന് ഡിസംബര്‍ 31ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കും. നേരത്തെ പ്രത്യേക സമ്മേളനത്തിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ശുപാര്‍ശ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ഡിസംബര്‍ 31ന് ഒരു ദിവസത്തെ സമ്മേളനം ചേരാനാണ് മന്ത്രിസഭാ തീരുമാനം. ഇതിന് ഗവര്‍ണര്‍ വീണ്ടും അനുമതി നിഷേധിച്ചാല്‍ കോടതിയെ സമീപിക്കുവാനും ആലോചനയുണ്ട്. ജനുവരി എട്ടിന് നിയമസഭാ സമ്മേളനം നടത്താന്‍ ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇത് റദ്ദാക്കി ഡിസംബര്‍ 31ന് അനുമതി നല്‍കണമെന്ന ശുപാര്‍ശയാണ് സര്‍ക്കാര്‍ പുതുതായി നല്‍കുക എന്നാണ് വിവരം.
അതിനിടെ, നിയമസഭ സമ്മേളനം വിളിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം നിശ്ചയിക്കേണ്ടത് മന്ത്രിസഭയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭയെ വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് സാധാരണ ഗവര്‍ണര്‍മാര്‍ സ്വീകരിക്കാറുള്ളത്. ഏതെങ്കിലും തരത്തിലുള്ള വ്യക്തത ആവശ്യമാണെങ്കില്‍ അത് ചോദിക്കാവന്നതാണെന്നും മറ്റു തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.