Connect with us

Articles

കർമ്മത്തിന്റെ വിശുദ്ധി; കവിതയുടെ പരിശുദ്ധി

Published

|

Last Updated

സുഗതകുമാരി

കാല്പനികതയുടെ ഇഴകൾ കൊണ്ട് നെയ്തെടുത്ത അനുകമ്പാഭരിതമായ നീതിവാക്യമായിരുന്നു സുഗതകുമാരിയുടെ കവിതകൾ. പാരമ്പര്യ നിഷേധമോ വിശ്വാസ രാഹിത്യമോ പ്രത്യാശാനാശമോ അവരുടെ കവിതകളെ ഗ്രസിച്ചിരുന്നില്ല.

കരുണയുടെ നീരുറവകളായിരുന്നു ഓരോ വാക്കും. ജീവിതത്തിൻ്റെ അനന്തതയോളം സഞ്ചരിച്ച് അഗാധതയിൽ നിന്ന് ജീവിത സത്യത്തെ കണ്ടെത്താനുള്ള പരിശ്രമമായിരുന്നു ടീച്ചർക്ക് ഓരോ കവിതകളും. ആദ്യ കവിതാ സമാഹാരമായ മുത്തുച്ചിപ്പി കൊണ്ടു തന്നെ ഭാരതീയ ദാർശനികതയുടെ സത്യാന്വേഷണത്തിൻ്റെ ഇതിഹാസ സദൃശമായ സത്തവേണ്ടുവോളം ഉൾകൊണ്ടിരുന്നൊരു മഹിത വ്യക്തിത്വമായിരുന്നു സുഗതകുമാരി എന്ന് മനസ്സിലാകും. ചിപ്പിയുയുടെ തുറന്ന കവാടത്താൻ വന്നു പതിക്കുന്ന വിണ്ണിൻ കണ്ണുനീർത്തുള്ളി മനുഷ്യ പക്ഷത്തുനിന്നുള്ള സത്യോദയകാംക്ഷ തന്നെയായിരുന്നു.

ഹിംസാത്മകമായിത്തീരുന്ന സാമൂഹിക മനോഭാവത്തിനു നേരെയുള്ള ആക്രോശങ്ങളോ പ്രഖ്യാപനങ്ങളോ അവരുടെ കവിതകളിൽ കണ്ടെത്താനാവില്ല. മറിച്ച് പ്രത്യാശാ രഹിതമായ ഒരു കാലത്ത് മനുഷ്യർ ഈശ്വരാഭിമുഖമായിത്തീരുമ്പോഴുള്ള ഉൻമേഷം കവിതകളിലാകെ ചൈതന്യം ചൊരിയുന്നുണ്ട്. ഗജേന്ദ്രമോക്ഷം എന്ന കവിതയഥാർത്ഥത്തിൽ രോദനത്തെ രോമാഞ്ചമാകുകയായിരുന്നു. ദാഹം പോലുള്ള ഭാവാത്മക ഗീതങ്ങളിൽ രതിയും കരുണയും വാൽസല്യവും ഒരന്തർദാഹമായി വർത്തിക്കുന്നു.

സ്വാതന്ത്ര്യാനന്തരമുള്ള ധർമ്മ ച്യുതിയിൽ വേദനിക്കുന്ന ഒരു മനസ്സായിരുന്നു കവയിത്രിക്ക്. പുതിയപാതാളം പോലുള്ള കവിതകളിൽ ഈ ആശയങ്ങൾ അന്തർധാരയായിക്കിടക്കുന്നുണ്ട്. മഹാബലി മടങ്ങിപ്പോവാതിരിക്കാൻ “ഞങ്ങൾ ചമച്ചു പുതുപാതാളം” എന്ന മൊഴി വാളിൻ മുന പോലെ തുളച്ചുകയറുന്നതാണ്. സത്യത്തിനു വേണ്ടിയുള്ള നിതാന്തമായ കാത്തിരിപ്പായി ടീച്ചർ കവിതയെക്കൊണ്ടു നടന്നു. അമ്പാടിയുടെ അരിയ മൺകുടിലിൽ മേവുന്ന പാവം സത്യത്തിനും സൗന്ദര്യത്തിനും വേണ്ടി വേവുന്ന കവിത തന്നെ. സുഗതകുമാരിയെ സംബന്ധിച്ച് സത്യം തന്നെയായിരുന്നു സൗന്ദര്യം സൗന്ദര്യം തന്നെയായിരുന്നു സത്യം.

കർമ്മത്തിൻ്റെ വിശുദ്ധി തന്നെയായിരുന്നു കവിതയുടെ പരിശുദ്ധിയും.
“കേടുവന്നോരവയവം മുറിച്ചുമാറ്റിടാം
കൊടും കേടു ബാധിച്ച പാവം മനസ്സോ
എന്ന പരിദേവനത്തിൽ ആത്മസത്തയെക്കുറിച്ചുള്ള ഒരു സങ്കല്പം അവർ പുലർത്തുന്നുണ്ട്. അഭിമാനിയായ പെൺകുട്ടി എന്നതായിരുന്നു അവരുടെ സങ്കല്പം. ദയാരഹിതമായ ശരീര തൃഷ്ണക ളാൽ സ്ത്രൈണ ജീവിതങ്ങൾ ആഴത്തിൽ മുറിവേറ്റപ്പോൾ കവി മനുഷ്യത്വത്തിൻ്റെ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിക്കുകയായിരുന്നു. മനുഷ്യ ചേതനയിൽ കാകോളം വമിപ്പിക്കുന്ന കാളിയൻ്റെ ദർപ്പമകറ്റുന്ന ഒരു ധർമ്മശക്തി സന്നിഹിതമാവും എന്ന് കവി കരുതിപ്പോന്നു.

കരുണയും കരുതലും സ്നേഹവും ഒരു മൃതസഞ്ജീവനി കണക്കെ കൊണ്ടു നടന്ന ഒരു മനുഷ്യപുത്രിയാണ് സുഗതകുമാരിയുടെ വിയോഗത്തോടെ നമുക്ക് നഷ്ടമാവുന്നത്.

Latest