Kerala
സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ മരിച്ചെന്ന വാർത്ത തെറ്റ്

കൊച്ചി | മലയാള സിനിമാ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ മരിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും വെന്റിലേറ്ററിലാണെന്നും നിർമാതാവും നടനുമായ വിജയ് ബാബു അറിയിച്ചു. ഇപ്പോഴും ഹൃദയമിടിപ്പുണ്ടെന്നും എല്ലാവരും പ്രാർഥിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലാണ് അന്ത്യമെന്നായിരുന്നു വാർത്ത. സിനിമാ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ഫേസ്ബുക്ക് പേജിൽ ഷാനവാസ് മരിച്ചുവെന്ന അറിയിപ്പ് വന്നിരുന്നു. എന്നാൽ മിനുട്ടുകൾക്കകം പിൻവലിച്ചു. തുടർന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്.
അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ ഷാനവാസിന് ഹൃദയാഘാതമുണ്ടായത്. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
“കരി”യാണ് ആദ്യ ചിത്രം. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.