Connect with us

Kerala

ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | ഏറെ കേരളം വലിയ തോതില്‍ ചര്‍ച്ച ചെയ്ത സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ട് വൈദികരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തല്‍. തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ജഡ്ജ് സനല്‍ കുമാറാണ് രാവിലെ 11ന് കേസില്‍ വിധി പറഞ്ഞത്. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സ്ിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന ഒറ്റവരി വിധിയാണ് പുറപ്പെടുവിച്ചത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷത്തിന് ശേഷമാണ് സുപ്രധാന കേസിന്റെ വിധി. ഇരുവര്‍ക്കുമുള്ള ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ കേസായി കോടതി ഇത് പരിഗണിച്ചാല്‍ ഇരുവര്‍ക്കും വധശിക്ഷ വരെ ലഭിച്ചേക്കും. ഇല്ലെങ്കില്‍ ഇരുവര്‍ക്കും ജീവപര്യന്തമാകും ലഭിക്കുക.

ഇരുവരുടേയും പേരില്‍ കൊലക്കുറ്റം കോടതി കണ്ടെത്തിയിരിക്കുന്നു. ഫാ. കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയ കുറ്റവും കോടതി കണ്ടെത്തി.തെളിവുകള്‍ വിശ്വസനീയമാണെന്നും പ്രോസിക്യൂഷന്‍ സാക്ഷികള്‍ ശക്തമെന്നും കോടതി വ്യക്തമാക്കി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ ഉടന്‍ ജയിലിലേക്ക് മാറ്റും. കോട്ടൂരിനെ പൂജപ്പുര ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റും

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് 1992 മാര്‍ച്ച് 27നാണ് കൊല്ലപ്പെടുന്നത്. കേസിലെ ഒന്നാം പ്രതിയായ കോട്ടയം ബി സി എം കോളജിലെ അഭയയുടെ അധ്യാപകനായിരുന്ന ഫാദര്‍ തോമസ് എം കോട്ടൂരും, മൂന്നാം പ്രതിയായ പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിലെ താത്ക്കാലിക ചുമതലക്കാരി സിസ്റ്റര്‍ സെഫിയുമാണ് കേസില്‍ വിചാരണ നേരിട്ടത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി ബി ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് പൂര്‍ത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം എട്ട് പേര്‍ കൂറ് മാറി.

വൈദികര്‍ തന്നെ നടത്തിയ കൊലപാതകത്തില്‍ കടുത്ത ശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുക. എന്നാല്‍ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ദുര്‍ബലമെന്ന മുന്‍ വാദം പ്രതിഭാഗം ആവര്‍ത്തിക്കും.
കേസുകള്‍ അട്ടിമറിക്കാന്‍ ലോക്കല്‍ പോലീസ് എല്ലാ തെളിവുകളും നശിപ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

---- facebook comment plugin here -----

Latest