Connect with us

Kasargod

വോട്ട് ചെയ്യാത്തതിനാല്‍ ഭൂരിപക്ഷം കുറഞ്ഞു; യുവാവിനെ വീട്ടില്‍ കയറി മര്‍ദിച്ച് ലീഗ് അണികള്‍

Published

|

Last Updated

കാസര്‍കോട് | വോട്ട് ചെയ്യാത്തതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കുറഞ്ഞുവെന്ന് ആരോപിച്ച് യുവാവിനെ വീട്ടില്‍ കയറി തല്ലി മുസ്ലിം ലീഗ് അണികള്‍. സ്ത്രീക്കും അടിയേറ്റിട്ടുണ്ട്. കാസര്‍കോട് കാഞ്ഞങ്ങാട് കല്ലുരാവിയിലാണ് സംഭവം.

ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വോട്ടെണ്ണല്‍ ദിവസത്തെ സംഭവം പുറംലോകമറിഞ്ഞത്. അഞ്ചോളം യുവാക്കളാണ് വീട്ടിലേക്ക് ഓടിവന്ന് വരാന്തയില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ അടിച്ചത്. തൊട്ടടുത്ത് സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. പാത്രങ്ങളും മറ്റും വടി കൊണ്ട് അടിച്ച് നശിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

മര്‍ദിച്ചവര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലീഗിന്റെ ചില ഗ്രൂപ്പുകളില്‍ പ്രചരിക്കുകയായിരുന്നു. മുസ്ലീം ലീഗിന് വലിയ ഭൂരിപക്ഷമുള്ള പ്രദേശമാണിത്. സംഭവത്തില്‍ കുടുംബം പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ എല്‍ ഡി എഫ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ഉബൈദ്, റംശീദ്, ജംശി എന്നിവരാണ് മര്‍ദിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Latest