Connect with us

Idukki

വാഗമണിലെ നിശാപാര്‍ട്ടി; റിസോര്‍ട്ട് ഉടമയെ ചോദ്യം ചെയ്യുന്നു

Published

|

Last Updated

ഇടുക്കി | വാഗമണിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു. സി പി ഐ പ്രാദേശിക നേതാവും മുന്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടനെയാണ് ചോദ്യം ചെയുന്നത്. എ എസ് പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിസോര്‍ട്ടില്‍ വീണ്ടും പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ജന്മദിന പാര്‍ട്ടി ആഘോഷത്തിനെന്ന് പറഞ്ഞാണ് റിസോര്‍ട്ട് ബുക്ക് ചെയ്തിരുന്നതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തതെന്നും നേരത്തെ അറിയിച്ചതിലും കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ ചോദ്യം ചെയ്തിരുന്നുവെന്നും റിസോര്‍ട്ട് ഉടമ പേലീസിന് മൊഴി നല്‍കി.

റിസോര്‍ട്ടിലേക്ക് പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെയും സംഘത്തെയും റിസോര്‍ട്ടിന് മുന്നില്‍ പോലീസ് തടഞ്ഞു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടന്‍ നക്ഷത്ര ആമ കടത്ത് ഉള്‍പ്പടെ കേസിലെ പ്രതിയാണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും ആവശ്യപ്പെട്ടു.

വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്ന റിസോര്‍ട്ടില്‍ ഇന്നലെ രാത്രി നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. എല്‍ എസ് ഡി സ്റ്റാമ്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകളാണ് പിടികൂടിയത്.
റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടക്കുന്നതിനിടെ നാര്‍കോട്ടിക്സ് സെല്‍ റെയ്ഡ് നടത്തുകയായിരുന്നു. നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 60ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിരവധി പേര്‍ സ്ത്രീകളാണ്. ഇടുക്കി എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

Latest