Kerala
കോണ്‍ഗ്രസ് വോട്ട് മറിച്ച് തോല്‍പ്പിച്ചെന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പരാതി

തിരുവനന്തപുരം | മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം വോട്ട് മറിച്ച് തോല്‍പ്പിച്ചെന്ന പരാതിയുമായി തിരുവനന്തപുരം കോര്‍പറേഷനിലെ യു ഡി എഫ് സ്ഥാനാര്‍ഥി രംഗത്ത്. യു ഡി എഫിനായി നെടുങ്കാട് വാര്‍ഡില്‍ മത്സരിച്ച ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥനാര്‍ഥി എസ് ആര്‍ പത്മകുമാറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരെ ഒരു കോക്കസ് പ്രവര്‍ത്തിച്ചു. മുന്‍മന്ത്രി വി എസ് ശിവകുമാറാണ് ഇതിന് പിന്നില്‍. ബി ജെ പിക്കായാണ് വോട്ടുകള്‍ മറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വോട്ട് കുറഞ്ഞു എന്നത് സത്യമാണെന്നും സ്ഥാനാര്‍ഥിക്ക് സ്വീകാര്യത ഇല്ലത്തതിനാലാണിതെന്നും തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പ്രതികരിച്ചു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തോല്‍വിയെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി അവിടെ എത്തിയില്ലെന്ന പരാതി കോണ്‍ഗ്രസുകാര്‍ക്കുണ്ടെന്ന് ശിവകുമാര്‍ പ്രതികരിച്ചു. നെടുങ്കാട് വാര്‍ഡ് തിരുവനന്തപുരം മണ്ഡലത്തിലല്ല. ഇതിനാല്‍ താന്‍ അവിടെ ഇടപെട്ടിട്ടില്ല. താന്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നത് വെറും ആരോപണമാണ്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഡി സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശികുമാര്‍ പറഞ്ഞു.