Connect with us

Covid19

പുതിയ കൊവിഡ് വൈറസ്; സഊദി അന്താരാഷ്ട്ര ഗതാഗത സര്‍വ്വീസ് നിര്‍ത്തി

Published

|

Last Updated

റിയാദ് | ഇംഗ്ലണ്ടില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദി അറേബ്യ അന്താരാഷ്ട്ര ഗതാഗത സര്‍വ്വീസ് നിര്‍ത്തിവെച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് അന്താരാഷ്ട്ര ഗതാഗതം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കു അനുമതി നല്‍കും. നിലവില്‍ സഊദിയിലുള്ള വിദേശ വിമാനങ്ങള്‍ക്ക് മടങ്ങാനും അവസരമുണ്ട്.

കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്കാണ് അടക്കുക. ഡിസംബര്‍ എട്ടിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സഊദിയിലെത്തിയവര്‍ 14 ദിവസം ക്വാറന്റീനിന്‍ കഴിയണം. ഇവര്‍ ഓരോ അഞ്ചുദിവസവും കൊവിഡ് പരിശോധന നടത്തണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ യൂറോപ്പ് സന്ദര്‍ശിച്ചവരും കൊവിഡ് പരിശോധന നടത്തണം. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ ഒരാഴ്ച കഴിഞ്ഞ് പുനഃപരിശോധിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ അനുസരിച്ച് ആവശ്യമെങ്കില്‍ ഗതാഗത നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Latest