Kerala
മാളിൽ വെച്ച് നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍

കൊച്ചി | മാളില്‍ വെച്ച് നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്കൊപ്പം എത്തുന്നതിനിടെയാണ് പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ശാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഞായറാഴ്ച രാവിലെ പ്രതികള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തങ്ങള്‍ അറിഞ്ഞുകൊണ്ട് നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാപ്പു പറയാന്‍ തയ്യാറാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയതായിരുന്നു നടി. ഷോപ്പിംഗ് മാളില്‍വെച്ച് നേരിട്ട ദുരനുഭവം നടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ കളമശ്ശേരി പോലീസിന് നിര്‍ദേശം നല്‍കി.