Connect with us

Kerala

കൊടുവള്ളിയില്‍ വിവാദങ്ങള്‍ തുടരുന്നു; യു ഡി എഫിന്റെ ആഹ്ലാദ പ്രകടനത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി

Published

|

Last Updated

കൊടുവള്ളി | തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടുവള്ളിയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ തുടരുന്നു. കൊടുവള്ളി നഗരസഭയിലെ മോഡേണ്‍ ബസാര്‍ ഡിവിഷനില്‍ ജയിച്ച യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ആഹ്ലാദ പ്രകടനത്തില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബു ലെയ്‌സ് പങ്കെടുത്തതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ഉടന്‍ വിജയിച്ച പി കെ സുബൈറിനെയും ആനയിച്ച് നടത്തിയ പ്രകടനത്തിലാണ് അബു ലെയ്‌സ് പങ്കെടുത്തത്. വര്‍ഷങ്ങളോളം വിദേശത്ത് ഒളിവില്‍ കഴിഞ്ഞയാളാണ് അബു ലെയ്‌സ്. പിന്നീട് തൃശൂരില്‍ ഒരു ബന്ധുവിന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഡി ആര്‍ ഐ സംഘം ഇയാളെ ഇയാളെ അറസ്റ്റ് ചെയ്തു ജയിലിലാക്കിയിരുന്നു.

മോഡേണ്‍ ബസാര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയതോടെ സുബൈര്‍ വിമതനായി പത്രിക നല്‍കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച യു ഡി എഫ് സുബൈറിന് പിന്തുണ പ്രഖ്യാപിച്ചു. 35 വോട്ടിനാണ് സുബൈര്‍ വിജയിച്ചത്. കാരാട്ട് ഫൈസലിന്റെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തില്‍ സി പി എം പതാക ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം.

Latest