National
കര്‍ഷക പ്രക്ഷോഭം: എന്‍ ഡി എ സഖ്യകക്ഷി നേതാവ് പാര്‍ലിമെന്ററി പാനലില്‍ നിന്ന് രാജിവെച്ചു

ന്യൂഡല്‍ഹി | എന്‍ ഡി എയുടെ സഖ്യകക്ഷി രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (ആര്‍ എല്‍ പി) നേതാവ് ഹനുമാന്‍ ബേനിവാല്‍ എം പി പാര്‍ലിമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജിവെച്ചു. പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് മൂന്ന് സമിതികളില്‍ നിന്ന് അദ്ദേഹം രാജിവെച്ചത്. രാജസ്ഥാനിലെ നഗൗരില്‍ നിന്നുള്ള എം പിയാണ് അദ്ദേഹം.
ആര്‍ എല്‍ പി കണ്‍വീനറായ ബേനിവാല്‍ തന്റെ രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് കൈമാറി. പാര്‍ലിമെന്റിന്റെ ഭാഗമായതിനാല്‍ ജനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ സമിതിയില്‍ ശബ്ദമുയര്‍ത്തിയെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നും ബേനിവാല്‍ പ്രസ്താവനയില്‍ അറിയിച്ചു.
വ്യവസായം, പെട്രോളിയം, പ്രകൃതി വാതകം, പരാതികള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന പാര്‍ലിമെന്ററി സമിതിയിലാണ് അദ്ദേഹം അംഗമായിരുന്നത്. പുതിയ നിയമങ്ങള്‍ പിന്‍വലിച്ച് സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് ബേനിവാല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.