Connect with us

National

കൊവിഡ് വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിക്കില്ല; ഇന്ത്യയുടെ വാക്‌സിന്‍ ഫലപ്രദം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് ആളുകളെ നിര്‍ബന്ധിക്കില്ലെന്നും സ്വമേധയാ തീരുമാനമെടുക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ വികസിപ്പിച്ച വാക്‌സിന്‍ മറ്റു രാജ്യങ്ങളിലേത് പോലെ ഫലപ്രദമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ശക്തമായ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാന്‍ സഹായിക്കുമെന്നതിനാല്‍ കൊവിഡ് മുക്തരായവരും വാക്‌സിനെടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് രോഗപ്രതിരോധത്തിനുള്ള ആന്റിബോഡി വികസിക്കുക.

 

കൊവിഡിനുള്ള കുത്തിവയ്പ്പ് എടുക്കോണോയെന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങി അടുത്തിടപഴകുന്നവരിലേക്ക് രോഗം പകരുന്നത് തടയാനും സ്വയം പ്രതിരോധശേഷി ആര്‍ജിക്കാനും വാക്‌സിന്‍ സ്വീകരിക്കുന്നത് നല്ലതാണ്. വാക്സീന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടങ്ങളിലാണെന്നും മന്ത്രാലയം പറയുന്നു.

വാക്‌സീന്‍ സ്വീകരിക്കുമ്പോള്‍ പനി, വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. അങ്ങനെയുണ്ടായാല്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്‌സീനെടുക്കുന്നയാള്‍ക്ക് റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. റജിസ്‌ട്രേഷന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

വാക്‌സീന്‍ എടുക്കാന്‍ അനുവദിച്ച സ്ഥലം, തീയതി, സമയം എന്നിവ മൊബൈലിലേക്ക് എസ്എംഎസ് വഴി അറിയിക്കും. വാക്‌സീന്‍ എടുത്ത ശേഷം ക്യുആര്‍ കോഡ് രീതിയില്‍ സര്‍ട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈലിലേക്ക് അയച്ചു നല്‍കുമെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

Latest