Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു; എല്‍ ഡി എഫിന്റെത് മതനിരപേക്ഷതയുടെ വിജയം: വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നതായി ആരോപിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ബി ജെ പി മാത്രമല്ല, ഇതിന്റെ ഗുണഫലങ്ങള്‍ യു ഡി എഫും പങ്കിട്ടു. ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമില്ലാതെയാണ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത്. മതനിരപേക്ഷതക്കെതിരെ ഇരു കക്ഷികളും വെല്ലുവിളിയുയര്‍ത്തിയ തിരഞ്ഞെടുപ്പിലാണ് എല്‍ ഡി എഫ് വിജയം നേടിയതെന്നും വിജയരാഘവന്‍ പറഞ്ഞു.
വടക്കന്‍ ജില്ലകളില്‍ മുസ്ലിം മതമൗലികവാദികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് യു ഡി എഫ് ശ്രമിച്ചത്. സ്വന്തം തകര്‍ച്ച ഇല്ലാതാക്കാന്‍ മുസ്ലിം ലീഗുണ്ടാക്കിയ സഖ്യത്തെ
വെറും സഖ്യമായി മാത്രം കാണാന്‍ കഴിയില്ല. അത് മുസ്ലിം ലീഗിന്റെ മതമൗലികവാദപരമായ പരിവര്‍ത്തനമാണെന്നും അതിന് മുന്നില്‍ കീഴ്‌പ്പെടുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ഫലം വ്യാഖ്യാനിച്ച് രക്ഷപ്പെടാനുള്ള യു ഡി എഫിന്റെ ശ്രമം കൂടുതല്‍ അപകടത്തിലേക്കാണ് അവരെ കൊണ്ടെത്തിക്കുക. അത് മനസ്സിലാക്കാന്‍ തയാറാകണം. ജനത്തെ വിലകുറച്ച് കണ്ടതാണ് യു ഡി എഫിനേറ്റ തിരിച്ചടിക്കു കാരണം. അതുകൊണ്ടാണ് നിലവിലെ പരാജയത്തിന്റെ ആഴം പോലും അവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്തത്.  ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനം നല്‍കിയ അംഗീകാരമാണ് ഈ വിജയം. 1990 ന് ശേഷം ആദ്യമായാണ് അധികാരത്തിലിരിക്കുന്ന സര്‍ക്കാറിന് അനുകൂലമായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഉണ്ടായതെന്ന സവിശേഷതയും ഈ വിജയത്തിനുണ്ടെന്ന് വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

Latest