Connect with us

Articles

ജയിച്ചത് കേരളം, തോറ്റത് നവ ഫാസിസം

Published

|

Last Updated

ഇരമ്പുന്ന വ്യാജ പ്രചാരണങ്ങളുടെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോകുന്ന പൊങ്ങുതടിയല്ല കേരളത്തിലെ ഇടതുപക്ഷമെന്ന് മതനിരപേക്ഷതയെ മാറോട് ചേര്‍ത്തുപിടിച്ച് മലയാളികള്‍ പ്രഖ്യാപിച്ചു. മാനവികതയുടെ ഉരുക്ക് കോട്ടക്ക് പോറലേല്‍പ്പിക്കാന്‍ ആര്‍ക്കും ആകില്ലെന്ന്, മാധ്യമ നായാട്ടിന്റെ ഇരകളാകാന്‍ കേരളത്തിലെ പ്രബുദ്ധ ജനതയെ കിട്ടില്ലെന്ന് കാലം സാക്ഷി, ചരിത്രം സാക്ഷി, തദ്ദേശ തിരഞ്ഞെടുപ്പ് തെളിയിച്ചു. ഫാസിസത്തിനല്ല പ്രബുദ്ധതക്കാണ്, വര്‍ഗീയ സങ്കുചിത കാഴ്ചപ്പാടുകള്‍ക്കല്ല മതേതരത്വത്തിനും സാമൂഹിക മൈത്രിക്കും വികസനത്തിനുമാണ് ജനാധിപത്യത്തില്‍ വോട്ടുകള്‍ നല്‍കേണ്ടതെന്ന് മലയാളി സമൂഹം കൃത്യമായി മനസ്സിലാക്കി. പ്രളയത്തില്‍ വെറുപ്പിനെ പുറത്താക്കി വാതിലടക്കാനും നിപ്പായെയും കൊവിഡിനെയും ശാസ്ത്രീയമായി നേരിടാനും നേതൃത്വം നല്‍കിയ പിണറായി സര്‍ക്കാറാണ് ഇനിയും കേരളം ഭരിക്കേണ്ടതെന്ന് ജനം വിലയിരുത്തുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

എത്രയൊക്കെ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലും, ആരൊക്കെ ജയിച്ചാലും, ആരൊക്കെ തോറ്റാലും കൊഴുത്ത കാളക്കൂറ്റനെ പോലെ അലറി വരുന്ന നവ ഫാസിസത്തിന്റെ കൊമ്പു പിടിച്ച് മുട്ടുകുത്തിക്കാന്‍ കഴിയുന്ന കരുത്തുറ്റ ശക്തി ഇടതുപക്ഷ ജനാധിപത്യ സെക്യുലര്‍ ശക്തികള്‍ മാത്രമാണെന്ന് പല തവണ മതേതര കേരളം അതിന്റെ സ്വന്തം നിലപാട് കൊണ്ടും വിയര്‍പ്പിന്റെ ഉപ്പ് കൊണ്ടും തെളിയിച്ചതാണ്. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പരം ഉണ്ടാകുമ്പോഴും ഇടതുപക്ഷം ശക്തമായ കേരളം പോലുള്ള സ്ഥലങ്ങളില്‍ ഇടതുപക്ഷത്തേയും, ഇടതുപക്ഷം ബലഹീനമായ സ്ഥലങ്ങളില്‍ ഇടതുപക്ഷേതര സെക്യുലര്‍ പാര്‍ട്ടികളേയും, അത്തരം ശക്തികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഫാസിസത്തിനെതിരെ കണ്‍മണികളെങ്കിലും ചലിപ്പിക്കുന്നവരേയും വിജയിപ്പിക്കുകയെന്ന കാഴ്ചപ്പാടാണ് ഇന്ത്യയില്‍ ഇപ്പോള്‍ അനിവാര്യമായിട്ടുള്ളത്.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്, നാലര വര്‍ഷത്തെ അഭിമാനകരമായ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ നിരത്തിക്കൊണ്ടാണ്. എന്നാല്‍ പ്രതിപക്ഷം അതിനെ നേരിട്ടത് സ്വന്തം ബദല്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ടല്ല. കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയെ കുട്ടിച്ചോറാക്കാന്‍ പാകത്തിലുള്ള, കേന്ദ്ര സര്‍ക്കാറിന്റെ ഫെഡറല്‍ മൂല്യങ്ങള്‍ പൊളിക്കുന്ന പിളര്‍പ്പന്‍ കാഴ്ചപ്പാടില്‍ കൂട്ടുചേര്‍ന്ന് കൊണ്ടാണ്. ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാര്‍, ഉപ്പ് തിന്നവര്‍ ആരായാലും വെള്ളം കുടിക്കണം, മടിയില്‍ കനമില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് ഒരു വഴിയിലും പേടിയില്ല… അതുകൊണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സര്‍വ അന്വേഷണങ്ങള്‍ക്കും സ്വാഗതമെന്ന ശരിയായ കാഴ്ചപ്പാടാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. എന്നാല്‍ നവ ഫാസിസ്റ്റ് കോര്‍പറേറ്റ് മാധ്യമ ശക്തികളും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരും ഇന്ത്യന്‍ നവ ഫാസിസത്തിന്റെ പേടിസ്വപ്‌നമായിട്ടുള്ള കേരളീയ രാഷ്ട്രീയ പ്രബുദ്ധതയെ പൊളിക്കും വിധമുള്ള വിധ്വംസക കാഴ്ചപ്പാട് പുലര്‍ത്തിയപ്പോഴാണ് അതിവിടെ നടക്കില്ലെന്ന്, നടപ്പാക്കില്ലെന്ന് നിര്‍ഭയം ജനാധിപത്യ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് കേരളം പ്രഖ്യാപിച്ചത്.

സത്യത്തില്‍ ആദ്യം അന്വേഷണം സ്വാഗതം ചെയ്തതിന്റെ തുടര്‍ച്ചയിലാണ് പിന്നീട് വന്ന അന്വേഷണങ്ങള്‍ക്കെതിരെയുള്ള വിമര്‍ശങ്ങളെ കാണേണ്ടത്. കേരളത്തില്‍ ആദ്യമായി, ഒരു ധൈഷണികന്‍ കൂടിയായ കെ ടി ജലീലിന്റെ പി എച്ച് ഡി പ്രബന്ധത്തിനെ വരെ അദ്ദേഹത്തിനെതിരെയുള്ള മറ്റെല്ലാ വ്യാജ വാദങ്ങളും പൊളിഞ്ഞപ്പോള്‍ പ്രതിചേര്‍ക്കാന്‍ ശ്രമമുണ്ടായി. അങ്ങനെ ഒരു പി എച്ച് ഡി പ്രബന്ധത്തിന്റെ പേരിലും ഒരു വിവാദം കൊഴുപ്പിക്കാന്‍ നോക്കി. എന്നാല്‍ സ്വര്‍ണം കട്ടു, ഡോളര്‍ കടത്തി എന്നൊക്കെ വിളിച്ചു പറയുന്നത്ര എളുപ്പമല്ലാത്തത് കൊണ്ടാകാം ഒടുവില്‍ അന്തിച്ചര്‍ച്ചയില്‍ ആ പി എച്ച് ഡി പ്രബന്ധം പ്രത്യക്ഷപ്പെട്ടില്ല. പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കില്‍ കുറ്റം പറയരുതല്ലോ, ചിലര്‍ക്കൊക്കെ എങ്ങനെയെങ്കിലും 1921ല്‍ നടന്ന മലബാര്‍ മഹാ സമരത്തെ പറ്റി കുറച്ചെങ്കിലും വിവരം ഉണ്ടായിപ്പോകുമായിരുന്നു. പക്ഷേ, അത് നടക്കാതെ പോകുകയാണ് ഉണ്ടായത്.

പ്രളയം വന്നപ്പോഴും നിപ്പായും കൊവിഡും വ്യാപിച്ചപ്പോഴും ശാസ്ത്രം കൊണ്ട് മാത്രമല്ല, വികേന്ദ്രീകരണ രാഷ്ട്രീയ കാഴ്ചപ്പാട് കൊണ്ട് കൂടിയാണ് കേരളം ലോക മാതൃകയായത്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി സംഘടനകള്‍ കേരളത്തിന്റെ ഇടതുപക്ഷ സര്‍ക്കാറിനെ പ്രശംസിച്ചത് അവര്‍ ഇടതുപക്ഷമായത് കൊണ്ടല്ല. മറിച്ച് സത്യം അത്രമേല്‍ മനോഹരവും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അതീതവുമായത് കൊണ്ടാണ്. സത്യം ഒരു നവജാത ശിശുവിനെ പോലെ നഗ്നമാണ്. അതിന് അലങ്കാരങ്ങള്‍ ആവശ്യമില്ല.

ഇടതുപക്ഷം തോറ്റപ്പോഴും ജയിച്ചപ്പോഴും മതനിരപേക്ഷതയും ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന വികസന പ്രവര്‍ത്തനവും തോല്‍ക്കാന്‍ പാടില്ലെന്ന സമീപനമാണ് ഉയര്‍ത്തിപ്പിടിച്ചത്. ഒരു രാഷ്ട്രത്തിന്റെ ആരോഗ്യ നയം പൂര്‍ണമായും വിജയിക്കുന്നത് ആശുപത്രികളെല്ലാം ജനരഹിതമാകുമ്പോഴാണ്, അവ അടച്ചുപൂട്ടേണ്ടി വരുമ്പോഴാണ്. കേരളത്തിന്റെ പല സ്ഥലത്തും പൊതു കിച്ചണ്‍ ഭക്ഷണം കഴിക്കാന്‍ ആരുമില്ലാത്തതിനാല്‍ അടച്ചുപൂട്ടേണ്ടി വന്നുവെങ്കില്‍ അത് മനുഷ്യരായ മുഴുവന്‍ ആളുകളുടെയും അഭിമാനമായി കരുതി ആവേശം കൊള്ളുകയാണ് വേണ്ടത്.

1957ല്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അന്നത്തെ കേന്ദ്രാധികാര ശക്തികള്‍ അട്ടിമറിക്കുകയായിരുന്നു. ആ വിമോചന സമരത്തെ അനുസ്മരിപ്പിക്കും വിധം, എന്നാല്‍ അതിനേക്കാള്‍ മാരകമായ ഒരു പുതിയ തരം വിമോചന സമരമാണ് വലതുപക്ഷം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത് എന്തായാലും വിജയിക്കുമെന്ന വലതുപക്ഷ ശുഭാപ്തി വിശ്വാസത്തെയാണ് മലയാളി വോട്ടര്‍മാര്‍ തകര്‍ത്തെറിഞ്ഞത്. ഫാസിസം വാ പിളര്‍ന്ന് നില്‍ക്കുമ്പോള്‍ അതിന് വളര്‍ച്ചയേകുന്ന ഒന്നിനും ഞങ്ങളുടെ വോട്ടുകള്‍ നല്‍കുകയില്ലെന്നാണ് മലയാളികള്‍ തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ബോധ്യപ്പെടുത്തിയത്.

ഒരു അര്‍ഥത്തില്‍ ഭരണവിരുദ്ധ വികാരം ജനാധിപത്യത്തിന്റെ ശക്തിയാണ്. അധികാരത്തിനെതിരെ ഉണര്‍ന്നിരിക്കുന്ന ഒരു ജനതയുടെ ഉശിരന്‍ താക്കീതാണത്. എന്നാല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത മുന്നേറ്റം സൃഷ്ടിച്ച കേരള സര്‍ക്കാറിനെതിരെ അത്തരം ഒരു വികാരവും ഉണ്ടായില്ലെന്നത് സ്വാഭാവികമാണ്. എന്നാല്‍ നവ ഫാസിസത്തെ പിടിച്ചുകെട്ടാനുള്ള പ്രവര്‍ത്തനങ്ങളുടെ നേതൃത്വമായി മാറിയ ഇടതുപക്ഷ സര്‍ക്കാറിനെ സ്വാഗതം ചെയ്യാന്‍ ഫാസിസ്റ്റുകള്‍ക്ക് ഒരിക്കലും കഴിയില്ല. അവര്‍ മിന്നുന്ന ജനവിധി കണ്ട് വെറുതെയിരിക്കില്ല. അതുകൊണ്ട് തന്നെ മതനിരപേക്ഷതയുടെ വന്‍ വിജയം അതിനേക്കാളും വലിയ ജനാധിപത്യ ജാഗ്രതയിലേക്ക് വളരേണ്ടതുണ്ട്.