Covid19
ഒരു ദിവസം രണ്ടര ലക്ഷം രോഗബാധിതര്‍, 3,700 മരണം; കൊവിഡില്‍ റെക്കോഡിട്ട് അമേരിക്ക

വാഷിങ്ടണ്‍ | പ്രതിദിന കൊവിഡ് ബാധിതരുടെയും മരണത്തിന്റെയും എണ്ണത്തില്‍ റെക്കോഡിട്ട് അമേരിക്ക. ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റിയിടെ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളില്‍ 3,700ല്‍ അധികം കൊവിഡ് മരണങ്ങളും രണ്ടര ലക്ഷം പുതിയ കേസുകളുമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 3,07,291 ആയി ഉയര്‍ന്നിട്ടുണ്ട്. 1,13,000 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തെ മറ്റിടങ്ങളെക്കാള്‍ എത്രയോ അധികമാണ് ഈ എണ്ണം. ഇതുവരെ ഒരുകോടി 70 ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യു എസിലെ ആകെ ജനസംഖ്യയുടെ അഞ്ചു ശതമാനം വരുമിത്.
കൊവിഡ് പ്രതിരോധ വാക്‌സിന്‍ തദ്ദേശീയമായി വികസിപ്പിക്കാനുള്ള പദ്ധതിയില്ലെന്ന് അമേരിക്ക വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഫൈസര്‍ ഇന്‍ക്, ബയോഎന്‍ടെക് എന്നീ കമ്പനികളില്‍ നിന്ന് ഈയാഴ്ച അവസാനത്തോടെ 29 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാനാണ് രാജ്യം ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ മരണത്തിന്റെയും രോഗസംക്രമണത്തിന്റെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും നിരക്ക് മുമ്പത്തെതിനെക്കാള്‍ എത്രയോ അധികമാണെന്ന് യു എസ് രോഗ പ്രതിരോധ-നിയന്ത്രണ കേന്ദ്രത്തിന്റെ (സി ഡി സി) ഡയരക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറയുന്നു.
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ വരുന്ന മാര്‍ച്ച് ഒന്നോടെ തന്നെ രാജ്യത്തെ കൊവിഡ് മരണം നാലര ലക്ഷത്തിലേക്ക് എത്തുമെന്ന് വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയുടെ ഇന്‍ഫ്‌ളുവന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
അതിനിടെ, യു എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഭാര്യ കാരനും നാളെ ഒരു പൊതു ചടങ്ങില്‍ വച്ച് വാക്‌സിന്‍ സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു. പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്താഴ്ച വാക്‌സിന്‍ എടുക്കുമെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പ്രസ്താവന പുറത്തുവന്നത്.