Kerala
കോടതി വിധിക്ക് കാത്ത് നില്‍ക്കാതെ സി എം രവീന്ദ്രന്‍ ഇ ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി | മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് രവീന്ദ്രന്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായത്. ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.ചോദ്യം ചെയ്യലില്‍ ഇളവ് തേടി
രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിലെ വിധിക്ക് കാത്ത് നില്‍ക്കാതെയാണ് രാവിലെ 8.50ഓടെ ഇ ഡിക്ക് മുന്നിലെത്തിയത്. ചോദ്യം ചെയ്യലിന് സ്‌റ്റേ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരുന്നതെങ്കിലും അനുവദിച്ചിരുന്നില്ല. മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും സമയ പരിധി നിശ്ചയിക്കണമെന്നുംമായിരുന്നു മറ്റൊരു ആവശ്യം. ഇക്കാര്യം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.
സ്വപ്ന സുരേഷിന്റെ ചില നിര്‍ണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലര്‍ക്കും സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.