Connect with us

Kerala

'തോറ്റാല്‍ തോറ്റെന്ന് പറയുന്നതാണ് അന്തസ്'; നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ മുരളീധരന്‍

Published

|

Last Updated

കോഴിക്കോട്  | തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തില്‍ നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. തോറ്റാല്‍ തോറ്റെന്ന് പറയാണ്. അതാണ് അന്തസെന്നും മുരളീധരന്‍ പറഞ്ഞു. തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടത്. മേജര്‍ സര്‍ജറി വേണം. കെപിസിസി ഓഫീസില്‍ അടച്ചിരുന്ന് തീരുമാനമെടുക്കുന്ന രീതി മാറ്റണം. ആരെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അവരെ ശത്രു ആക്കും. ബിജെപിയുടെ പ്രകടനം മോശമല്ല. ബിജെപിയുടെ വളര്‍ച്ച നിസാര കാര്യമല്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു

വര്‍ഷങ്ങളായി യുഡിഎഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടില്‍ ചേരിതിരിവുണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടായി. ഗ്രൂപ്പ് വെച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചു. അര്‍ഹരായവര്‍ക്ക് സീറ്റ് നല്‍കിയില്ല. അതുകൊണ്ട് പലയിടത്തും വിമതരുണ്ടായി. ഇവരെ കൂട്ടി ഭരിക്കേണ്ടി വരും. അവരില്‍ ആരൊക്കെ തയ്യാറാകുമെന്ന് കണ്ടറിയണം. രണ്ട് ജനപിന്തുണയുള്ള പാര്‍ട്ടിക്കാരെ പുറത്താക്കി. എല്‍ ജെ ഡി യുടേയും കേരള കോണ്‍ഗ്രസിന്റേയും പോക്ക് യുഡിഎഫിന് നഷ്ടമുണ്ടാക്കി. മുന്നണിയുടെ വിജയത്തെ ഇത് ബാധിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം അനാവശ്യ വിവാദമുണ്ടാക്കിയതും യുഡിഎഫിന് കെട്ടുറപ്പിന് ക്ഷീണമുണ്ടാക്കി. ലൈഫ് അഴിമതിയാണ്. എന്നാല്‍ പദ്ധതി തന്നെ ഉണ്ടാകില്ലെന്ന പ്രചാരണം തെറ്റായ സന്ദേശമുണ്ടാക്കിയെന്നും മുരളീധരന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ തോല്‍വി അംഗീകരിക്കാതെ വാര്‍ത്താ സമ്മേളനം നടത്തിയതിനെയാണ് മുരളീധരന്‍ പരസ്യമായി തള്ളിയിരിക്കുന്നത്.