Editorial
സ്ത്രീപക്ഷ നിയമങ്ങളും ദുരുപയോഗവും

തീവ്ര സ്ത്രീപക്ഷവാദികള്‍ക്ക് രുചിക്കില്ലെങ്കിലും വസ്തുതാപരമാണ് സ്ത്രീപീഡന കേസുകളെക്കുറിച്ച് ഛത്തീസ്ഗഢ് വനിതാ കമ്മീഷന്‍ അധ്യക്ഷ കിരണ്‍മയി നായക് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. പരസ്പര സമ്മതത്തോടെയുള്ള സ്ത്രീ- പുരുഷ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോഴാണ് മിക്കപ്പോഴും ബലാത്സംഗ പരാതികള്‍ ഉയരുന്നതെന്നാണ് അവര്‍ പറഞ്ഞത്. ബിലാസ്പൂരില്‍ സ്ത്രീക്ക് നേരേയുണ്ടായ ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു കിരണ്‍മയി നായകിന്റെ പ്രതികരണം.
സിനിമയില്‍ കാണുന്നതു പോലെയുള്ള പ്രണയങ്ങളില്‍ കുടുങ്ങിയാല്‍ നിങ്ങളുടെ സൗഹൃദവും കുടുംബവും ജീവിതവും തകരുമെന്നും ഇത്തരം ബന്ധങ്ങളില്‍ അകപ്പെട്ടുപോകരുതെന്നും പെണ്‍കുട്ടികളെ അവര്‍ ഉപദേശിക്കുകയും ചെയ്തു. രാജ്യത്ത് സ്ത്രീകള്‍ നല്‍കുന്ന ലൈംഗിക പരാതികളില്‍ പകുതിയിലേറെയും വ്യാജമാണെന്നും വ്യക്തി താത്പര്യങ്ങളും വിലപേശലും ലക്ഷ്യമാക്കിയാണെന്നും 2017ല്‍ ഡല്‍ഹി വനിതാ കമ്മീഷനും പ്രസ്താവിച്ചിരുന്നു.
പലപ്പോഴും കോടതികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട് സ്ത്രീപക്ഷ നിയമങ്ങളുടെ ദുരുപയോഗം. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ലൈംഗിക പീഡനത്തിന് കേസ് കൊടുക്കുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് 2013ല്‍ ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. ഇത് വിവാഹത്തെ പരിഹസിക്കലാണെന്ന് മാത്രമല്ല ലൈംഗിക പീഡന കേസുകളുടെ വര്‍ധനവിന് ഇടയാക്കുകയും ചെയ്യുന്നു. പലപ്പോഴും പുരുഷനെ ബലമായി വിവാഹം കഴിപ്പിക്കാനും കാമുകന്റെ പക്കല്‍ നിന്ന് പണം കൈക്കലാക്കാനും കുടിപ്പക തീര്‍ക്കാനും സ്ത്രീകള്‍ ഈ നിയമം ഉപയോഗിക്കുന്നുണ്ട്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹം നടന്നില്ലെങ്കില്‍ ഉടന്‍ തന്നെ ലൈംഗിക പീഡനം ആരോപിച്ച് കൊടുക്കുന്ന കേസുകള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി കീഴ്‌ക്കോടതികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ട ഗാര്‍ഹിക പീഡന നിയമത്തെ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് “ലീഗല്‍ തീവ്രവാദം” എന്നാണ് ഒരിക്കല്‍ സുപ്രീം കോടതി വിശേഷിപ്പിച്ചത്.
സ്ത്രീയെ അവളുടെ സമ്മതത്തോടെയല്ലാതെ ലൈംഗികപീഡനത്തിനിരയാക്കുകയോ, വിവാഹ വാഗ്ദാനം നല്‍കി വഴിപ്പെടുത്തിയ ശേഷം വാഗ്ദാനത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയോ സമാന സംഭവങ്ങളിലോ ആണ് സ്ത്രീപീഡനമാകുന്നത്. ഇന്ന് നടക്കുന്ന പല കേസുകളും ഈ ഗണത്തില്‍ പെട്ടതല്ല. പരസ്പര സമ്മതത്തോടെയാണ് എല്ലാം നടക്കുന്നത്. കൗമാര കാലത്തെ പ്രണയത്തെ തുടര്‍ന്നുണ്ടാകുന്ന ലൈംഗിക ബന്ധങ്ങള്‍ പിന്നീട് സ്ത്രീപീഡനക്കേസുകളായി ആരോപിക്കപ്പെടുകയാണ്. സിനിമകളും സീരിയലുകളും സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയപ്പെടലുകളുമാണ് പെണ്‍കുട്ടികളെ പ്രണയത്തിലേക്ക് നയിക്കുന്നത്. യൗവനത്തള്ളിച്ചയില്‍ ഭ്രമിക്കുകയും വൈകാരികതയില്‍ കണ്ണ് മഞ്ഞളിക്കുകയും ചെയ്യുന്ന ഇവര്‍ ജീവിതം എന്തെന്ന് ആലോചിക്കുന്നില്ല. ഒരുതരം സ്വപ്‌ന ലോകത്ത് വിഹരിക്കുന്ന പെണ്‍കൊടികള്‍ തന്റേതെല്ലാം കാമുകന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ സന്നദ്ധമാകുന്നു. ഇവിടെ പുരുഷന്‍ മാത്രമാണോ പ്രതി? കാമുകന്റെ ജീവിത ശുദ്ധിയെക്കുറിച്ച് അന്വേഷിച്ചറിയാതെ പ്രണയിച്ച, ഇക്കാലമത്രയും തന്നെ സംരക്ഷിച്ച മാതാപിതാക്കളെ ഉപേക്ഷിച്ച് അയാളുടെ കൂടെ ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കുമില്ലേ ഈ സംഭവത്തില്‍ തുല്യ പങ്ക്?
കൊച്ചിയില്‍ ഒരു യൂബര്‍ ടാക്‌സി ഡ്രൈവര്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. മൂന്ന് സ്ത്രീകളായിരുന്നു അക്രമികള്‍. ഇവര്‍ ഡ്രൈവറുടെ തല കല്ല് കൊണ്ട് ഇടിച്ചു പൊട്ടിച്ചു. വസ്ത്രം വലിച്ചുകീറി. അസഭ്യങ്ങള്‍ വിളിച്ചു പറഞ്ഞു. പൊതുജനവും നിയമപാലകരും നോക്കിനില്‍ക്കെയാണ് സംഭവം. എന്നിട്ടോ നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി, ഡ്രൈവര്‍ തങ്ങളോട് മോശമായി പെരുമാറിയതായി ഒരു പരാതിയും എഴുതിക്കൊടുത്തു പോലീസ് സ്റ്റേഷനില്‍. ഡ്രൈവറുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് സ്ത്രീകള്‍ ഡ്രൈവറെ ആക്രമിച്ചതെന്നും ഇത്രമേല്‍ ആക്രമിക്കപ്പെട്ടിട്ടും സ്വയരക്ഷക്കായി പോലും അയാള്‍ സ്ത്രീകളെ സ്പര്‍ശിച്ചിട്ടില്ലെന്നുമാണ് സംഭവത്തിന്റെ ഒരു ദൃക്‌സാക്ഷി പോലീസിനെ അറിയിച്ചത്. എന്നിട്ടും കൊലപാതക ശ്രമമടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചെയ്ത ആ മൂന്ന് സ്ത്രീകളെയും സ്റ്റേഷനില്‍ വിളിപ്പിച്ച് ജാമ്യത്തില്‍ വിട്ടു. ഇര ഒരു സ്ത്രീയും മറുപക്ഷത്ത് പുരുഷന്മാരുമായിരുന്നെങ്കില്‍ ഇതായിരിക്കുമോ പോലീസിന്റെയും നിയമത്തിന്റെയും സമീപനം. തെരുവിലോ വീട്ടിലോ പുരുഷന്മാര്‍ തമ്മില്‍ നടക്കുന്ന, സ്ത്രീകള്‍ അയലത്തൊന്നുമില്ലാത്ത അടിപിടിക്കേസില്‍ പോലും ഭാര്യയെയും മക്കളെയും ആക്രമിച്ചെന്ന് പരാതി കൊടുക്കുന്ന സംഭവങ്ങളും ധാരാളം.
സ്ത്രീ കായികബലം കുറഞ്ഞവളാണെന്ന മാനദണ്ഡത്തില്‍ സമൂഹവും ഭരണകൂടവും നിയമവൃത്തങ്ങളും അവര്‍ക്കൊരു പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇതടിസ്ഥാനത്തില്‍ ഏതൊരു കേസിലും സ്ത്രീകളെ ഇരയാക്കി പരാതി നല്‍കിയാല്‍ കേസിന് ബലം കൂടുന്നു. ഈ ആനുകൂല്യമാണിപ്പോള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. സ്ത്രീപക്ഷ നിയമത്തിന്റെ ഈ ദുരുപയോഗത്തെ തുടര്‍ന്ന് കേസുകളില്‍ കുടുങ്ങി പോലീസ് സ്റ്റേഷനും കോടതികളും നിരന്തരം കയറിയിറങ്ങുന്ന നിരപരാധികള്‍ രാജ്യത്ത് ധാരാളമുണ്ട്. ഇതേത്തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് വനിതാ കമ്മീഷനെന്ന പോലെ പുരുഷന്മാര്‍ക്കും ദേശീയതലത്തില്‍ കമ്മീഷന്‍ വേണമെന്ന ആവശ്യവുമായി ഉത്തര്‍ പ്രദേശിലെ രണ്ട് എം പിമാര്‍ രംഗത്തുവന്നത്. സ്ത്രീപക്ഷ നിയമങ്ങളുടെ ദുരുപയോഗം മൂലം പ്രയാസപ്പെടുന്ന പുരുഷന്മാര്‍ക്കായി പുരുഷ് ആയോഗ് രൂപവത്കരിക്കണമെന്നാണ് ഖോസിയില്‍ നിന്നുള്ള എം പി ഹരിനാരായണ്‍ രജ്ബാര്‍, ഹര്‍ദോയിയിലെ അന്‍ഷുല്‍ വര്‍മ എന്നിവരുടെ ആവശ്യം. സ്ത്രീകള്‍ക്കെതിരെ പരാതി ഉന്നയിക്കുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി കേന്ദ്ര മന്ത്രിയായിരുന്ന മേനകാ ഗാന്ധിയും വ്യക്തമാക്കുകയുണ്ടായി. നീതിയും സമത്വവും ഉറപ്പ് നല്‍കുന്നുണ്ട് നമ്മുടെ ഭരണഘടന. സ്ത്രീകള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ പഴുത് സൃഷ്ടിക്കുന്ന നിയമങ്ങള്‍ ഈ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്.