Kerala
ജനവിധി ആരെ തുണയ്ക്കും; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ

തിരുവനന്തപുരം | സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ആര്‍ക്ക് അനുകൂലമാകുമെന്ന് നാളെ അറിയാം. വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ തന്നെ ആദ്യഫല സൂചനകള്‍ ലഭിച്ചു തുടങ്ങും. മുഴുവന്‍ ഫലവും ഉച്ചയോടെ അറിയാനാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഇന്നലെ അറിയിച്ചിരുന്നു. 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. ഗ്രാമ പഞ്ചായത്ത് ഫലം രാവിലെ 11ഓടെ പുറത്തുവരും.
ഇത്തവണ സര്‍വീസ് വോട്ടുകള്‍ക്ക് പുറമേ കൊവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും എണ്ണാനുണ്ടെന്ന പ്രത്യേകതയുണ്ട്. തുടര്‍ന്നാണ് ഇലക്ട്രോണിക് വോട്ടുകള്‍ എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടുകള്‍ ബ്ലോക്കുകളിലാണ് എണ്ണുന്നത്. മുന്‍സിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും വോട്ടെണ്ണല്‍ വോട്ടിംഗ് സാമഗ്രികള്‍ വിതരണം ചെയ്ത സ്ഥലത്തും നടക്കും.