Connect with us

Articles

ജീവനില്ലാത്ത ഒരു പാര്‍ലിമെന്റ് എന്തിന്?

Published

|

Last Updated

ഇന്ത്യക്ക് ഒരു പുതിയ പാര്‍ലിമെന്റ് മന്ദിരം നിര്‍മിക്കുന്നതിനുള്ള തറക്കല്ല് ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇട്ടു. പതിവ് പോലെ ഇവിടെയും നിരവധി വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടുകൊണ്ടാണ് ആ കര്‍മവും നിര്‍വഹിച്ചത്. ഒരു പുതിയ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ചാണ് രാജ്യത്തിന്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനത്തില്‍, 2022ല്‍ ഇത് പൂര്‍ത്തിയാക്കുക എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള പാര്‍ലിമെന്റില്‍ ലോക്‌സഭയും രാജ്യസഭയും അതിന്റെ നടുക്കായി ഒരു സെന്‍ട്രല്‍ ഹാളും ഉണ്ട്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ് ഈ മന്ദിരം. പുതിയ കെട്ടിട സമുച്ചയത്തില്‍ അത്യാധുനിക ദൃശ്യ- ശ്രാവ്യ വിനിമയ സൗകര്യങ്ങളും അതിനു വേണ്ട ഡാറ്റാ ശൃംഖലയും ഉണ്ടാകും. ഇപ്പോഴത്തെ ലോക്‌സഭയുടെ മൂന്നിരട്ടിയായിരിക്കും പുതിയ ലോക്‌സഭയുടെ വലിപ്പം. ലോക്‌സഭയില്‍ ഇപ്പോള്‍ 543 അംഗങ്ങളാണ് ഉള്ളതെങ്കിലും പുതിയ സഭയില്‍ 888 പേര്‍ക്കിരിക്കാന്‍ സൗകര്യമുണ്ടാകും. രാജ്യസഭയും ലോക്‌സഭയും യോജിച്ചുള്ള സമ്മേളനം നടത്താന്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അവിടെ കഴിയും. രാജ്യസഭയില്‍ 384 പേര്‍ക്ക് ഇരിപ്പടം ഉണ്ടാകും. ഭാവിയില്‍ സഭയിലെ അംഗങ്ങളുടെ എണ്ണം കൂട്ടുമ്പോള്‍ അതുകൂടി ഉള്‍ക്കൊള്ളാനുള്ള കരുതലും ഇതില്‍ ഉണ്ട്. പുതിയ സഭയില്‍ കേന്ദ്ര ഹാള്‍ ഉണ്ടാകില്ല. പഴയ സഭയുടെ ഹാള്‍ ഉപയോഗിക്കാം.

പുതിയ സഭയില്‍ ഇന്ത്യയുടെ വൈവിധ്യങ്ങള്‍ മുഴുവന്‍ പ്രദര്‍ശിപ്പിക്കും എന്ന് പറയുന്നു. നാട്ടില്‍ നിലനില്‍ക്കുന്ന എല്ലാ വൈവിധ്യങ്ങളും നശിപ്പിക്കുന്നവര്‍ ഇങ്ങനെ ചെയ്യുന്നതിനൊരു ലക്ഷ്യമുണ്ട്. വരും തലമുറകള്‍ക്ക് ഇവയൊക്കെ കാണാന്‍ അതേ വഴിയുണ്ടാകൂ. അതുപോലെ പരിസ്ഥിതി സൗഹൃദമാകും നിര്‍മിക്കാനിരിക്കുന്ന പുതിയ പാര്‍ലിമെന്റ് കെട്ടിടം എന്ന് പറയുന്നതിലും ഇതേ വൈരുധ്യമുണ്ട്. നാട്ടിലെ പാരിസ്ഥിതിക സന്തുലനം മുഴുവന്‍ തകര്‍ക്കുന്നവരാണ് ഇത് ചെയ്യുന്നത്. ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന വാഗ്ദാനവും ഇതുപോലെ തന്നെ. ഇതിനായി വിനിയോഗിക്കുന്ന 971 കോടി രൂപ കാര്‍ഷിക ഗ്രാമീണ മേഖലയില്‍ വിനിയോഗിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന തൊഴിലവസരങ്ങള്‍ ഇതിന്റെ എത്ര മടങ്ങായിരിക്കും? എത്ര ഉയര്‍ന്ന ഭൂചലനങ്ങള്‍ ഉണ്ടായാലും തകരാത്ത കെട്ടിടമാണിത്. ഡല്‍ഹിയില്‍ ഇടക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ സാധാരണക്കാരെ അല്ലേ ബാധിക്കാന്‍ പാടുള്ളൂ. “നിലവിലുള്ള ജനാധിപത്യത്തിന്റെ ക്ഷേത്രം നൂറ് വര്‍ഷം പിന്നിടുകയാണ്. നമ്മള്‍ തന്നെ നിര്‍മിച്ച ഒരു ക്ഷേത്രം വേണമെന്നത് വഴി രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തുന്ന ആത്മ നിര്‍ഭര്‍ ഭാരത് പ്രസക്തമാകുന്നു”- പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. ഇന്ത്യക്കാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു കൊണ്ടിരുന്നപ്പോള്‍ ബ്രിട്ടീഷുകാരുടെ പാദ സേവകരായിരുന്നവരാണ് ഇപ്പോള്‍ ഇങ്ങനെ ആത്മാഭിമാനം പറയുന്നത് എന്ന വൈരുധ്യവും പ്രകടമാണ്.

ഈ ശിലാസ്ഥാപന പരിപാടി പ്രതിപക്ഷം പ്രത്യേകിച്ച് കോണ്‍ഗ്രസ് പരസ്യമായി തന്നെ ബഹിഷ്‌കരിച്ചു. ഇത്ര ആഡംബരപൂര്‍ണമായ ഒരു പരിപാടി കൊവിഡ് പ്രതിസന്ധിക്കിടയില്‍ ആവശ്യമില്ല എന്നവര്‍ പറഞ്ഞു. ഈ പുതിയ നിര്‍മാണത്തെ നിരവധി പേര്‍ പരിഹസിച്ചു. തമിഴ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസനാണ് അതിശക്തമായി എതിര്‍ത്ത് സംസാരിച്ചത്. മുമ്പ് മൂവായിരം കോടിക്ക് പട്ടേല്‍ പ്രതിമ, പിന്നീട് സര്‍ക്കാര്‍ ചെലവില്‍ രാമക്ഷേത്രം തുടങ്ങി ആര്‍ഭാടങ്ങള്‍ക്ക് പണം ധൂര്‍ത്തടിക്കുന്നതിനെയും പലരും എതിര്‍ത്തിരുന്നു.
എന്നാല്‍ ഈ കല്ലിടല്‍ മറ്റൊരു രീതിയിലും വിമര്‍ശന വിധേയമായി. തീര്‍ത്തും സവര്‍ണാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ചടങ്ങായി ഇതിനെയും മാറ്റി. ശൃംഗേരി മഠത്തില്‍ നിന്ന് എത്തിയ ബ്രാഹ്മണ സന്യാസിമാരാണ് കര്‍മങ്ങള്‍ നിര്‍വഹിച്ചത്. അവരുടെ നടുക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി ഭയഭക്തി ബഹുമാനങ്ങളോടെ ഇരിക്കുന്ന ചിത്രങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിച്ചതിന് പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ടല്ലോ. ഭാരതമെന്നാല്‍ ഹിന്ദുരാഷ്ട്രമാണെന്നും അതിന്റെ മൂല്യങ്ങള്‍ ബ്രാഹ്മണിക്കല്‍ ആണെന്നും വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു ഇതിലൂടെ സംഘ്പരിവാര്‍. കുറ്റം പറയരുതല്ലോ, കണ്ണ് തട്ടാതിരിക്കാനെന്ന പോലെ മറ്റു മതങ്ങളുടെ പ്രാര്‍ഥനയും പേരിന് ഉണ്ടായി.
ഇന്ത്യക്ക് ഒരു മതേതര ഭരണഘടനയാണുള്ളതെന്ന സത്യം അംഗീകരിക്കാന്‍ മടിയുണ്ട് തങ്ങള്‍ക്കെന്ന് ഇവര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. ഒരു മതേതര രാഷ്ട്രത്തില്‍ സര്‍ക്കാറിന് ഒരു മതത്തോടും പ്രത്യേക താത്പര്യം ഉണ്ടാകാന്‍ പാടില്ല. പൊതുപണം ഏതെങ്കിലും മതങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കാനും പാടില്ല. ആ നിലക്ക് ഈ നടപടി ശരിയാണോ? ഭരണഘടനയുടെ മറ്റു പല അടിസ്ഥാന മൂല്യങ്ങളോടും തങ്ങള്‍ക്ക് യാതൊരു ബഹുമാനവും ഇല്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ജനാധിപത്യം എന്നത് ഇവര്‍ മറ്റു വഴിയില്ലാതെ അംഗീകരിക്കുന്നതാണ്. മനുസ്മൃതിയാണ് ഇവര്‍ക്ക് സ്വീകാര്യമായ ഭരണഘടന. പാര്‍ലിമെന്റിനോടും ഇവര്‍ക്കത്ര താത്പര്യമില്ല. പൗരത്വ നിയമ ഭേദഗതിയായാലും കാര്‍ഷിക നിയമങ്ങളായാലും ആവശ്യമായ ചര്‍ച്ചകള്‍ പോലും നടത്താന്‍ അവര്‍ തയ്യാറല്ല. ഒരു ഭരണഘടനാ സ്ഥാപനത്തോടും അവര്‍ക്ക് പ്രതിപത്തിയില്ല. പാര്‍ലിമെന്റും റിസര്‍വ് ബേങ്കും അറിയാതെ നോട്ടുനിരോധനം നടത്തിയ ഭരണകര്‍ത്താവാണ് മോദി. ആസൂത്രണ കമ്മീഷനും യു ജി സിയും തിരഞ്ഞെടുപ്പ് കമ്മീഷനും, എന്തിന് സുപ്രീം കോടതി വരെ ഇവര്‍ കൈപ്പിടിയിലാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ എത്ര മഹത്തായ പാര്‍ലിമെന്റ് കെട്ടിടം പണിതാലും അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത പക്ഷം അത് വെറും കെട്ടിടം മാത്രമാകും.
ചുരുക്കത്തില്‍ കെട്ടിടം എത്ര ബൃഹത്തായതും മഹത്വമായതും ആണെന്നതിലല്ല അത് ജനാധിപത്യപരമാണോ എന്നതിലാണ് കാര്യം. അങ്ങനെ വരുമ്പോള്‍ ഈ പുതിയ പാര്‍ലിമെന്റ് ജീവനില്ലാത്ത ഒന്നായി നിലനില്‍ക്കാനാണ് സാധ്യത.

സി ആര്‍ നീലകണ്ഠന്‍