Kerala
ശബരിമലയില്‍ കൊവിഡ് വ്യാപനം നിയന്ത്രണാതീതമെന്ന് കെ ജി എം ഒ എ

പത്തനംതിട്ട | ശബരിമലയില്‍ കൊവിഡ് വ്യാപനം നിയന്ത്രണാതീതമെന്ന് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍. ഇതുവരെ കൊവിഡ് പോസിറ്റീവ് ആയത് 286 പേര്‍ക്കാണ്. അതില്‍ തന്നെ 235 പേരും ശബരിമലയിലേക്ക് ഡ്യൂട്ടിക്കെത്തിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്. പോലീസ് സേനയിലെ 133 പേരാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്. ദിവസേന പതിനഞ്ചിനും ഇരുപതിനും ഇടയ്ക്ക് ജീവനക്കാരാണ് രോഗികളായി കൊണ്ടിരിക്കുന്നത്.
ഇനിയും നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഒരുപക്ഷേ വലിയൊരു വിപത്തിനു തന്നെ വഴിതെളിക്കാവുന്ന ഒരു സാഹചര്യമാണ് ശബരിമലയില്‍ നിലവിലുള്ളതെന്നും ആരോഗ്യ വിദഗ്ദര്‍ വിലയിരുത്തുന്നു. കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ട് ജോലിക്ക് എത്തുന്നവര്‍ അഞ്ചു ദിവസം കഴിയുമ്പോള്‍ പോസിറ്റീവ് ആയി മാറുന്നത് ശബരിമലയിലെ സൂപ്പര്‍ സ്പ്രെഡ് ആണ് സൂചിപ്പിക്കുന്നത്. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഗവണ്‍മെന്റ് അടിയന്തരമായി ഇടപെട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും കെ ജി എം ഒ എ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
ശബരിമലയില്‍ മണ്ഡല കാലത്ത് തീര്‍ഥാടകരുടെ എണ്ണം കൂട്ടില്ല
ശബരിമല മണ്ഡല കാലത്ത് തീര്‍ഥാടകരുടെ എണ്ണം കൂട്ടില്ല. നിലവിലെ സ്ഥിതി തുടരാന്‍ ചീഫ് സെക്രട്ടറി സമിതി യോഗത്തില്‍ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സാധാരണ ദിവസങ്ങളില്‍ രണ്ടായിരവും വാരാന്ത്യത്തില്‍ മൂവായിരം തീര്‍ഥാടകര്‍ക്കുമാണ് ദര്‍ശനത്തിന് അനുമതി. അതേസമയം ശബരിമലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.