Kerala
എഴുത്തുകാരന്‍ ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്‍ അന്തരിച്ചു

തൃശൂര്‍ | അധ്യാപകനും എഴുത്തുകാരനുമായ ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്‍ (75) അന്തരിച്ചു. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലാണ് അന്ത്യം. കൊച്ചിന്‍, കോഴിക്കോട് സര്‍വകലാശാലകളിലെ സെനറ്റ് അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ വിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട്, സൗത്ത് സോണ്‍ കള്‍ച്ചറല്‍ കൗണ്‍സില്‍, കൈരളി പ്രസ് സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ് കെ എം ജെ ഹൈസ്‌കൂള്‍ കല്‍പ്പറ്റ, മാര്‍ അത്തനേഷ്യസ് കോളജ്, ഹൈസ്‌കൂള്‍, തൃശൂര്‍ കേരളവര്‍മ കോളജ്, ശ്രീ ശങ്കരാചാര്യ സര്‍വകാലാശാല തൃശൂര്‍ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1999-ല്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ നിന്ന് വകുപ്പ് മേധാവിയായി വിരമിച്ചു.
കവിതക്ക് ബാലാമണി അമ്മ സില്‍വര്‍ കപ്പ് (1963), സമഗ്രസാഹിത്യ സംഭാവനക്ക് തൃശൂര്‍ ഏയ്‌സ് ട്രസ്റ്റിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം, അയനം സാംസ്‌കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരം എന്നിവക്ക് അര്‍ഹനായിട്ടുണ്ട്. മലയാള സാഹിത്യത്തിലെ ഗാന്ധിയന്‍ സ്വാധീനത്തെ കുറിച്ചുള്ള ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടി.
ദേശീയ അവാര്‍ഡ് നേടിയ മലമുകളിലെ ദൈവം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചത് ബാലകൃഷ്ണനായിരുന്നു. ശക്തന്‍ തമ്പുരാന്‍ എന്ന സിനിമയുടെ തിരക്കഥയും അദ്ദേഹത്തിന്റെതാണ്.
എഫ് എം കവിതകകള്‍ (കവിതകള്‍), അകല്‍ച്ച, അകംപൊരുള്‍ പുറം പൊരുള്‍, ഗില്‍ഗമേഷ്, ചൂളിമല, പൂവുകളോട് പറയരുത്, രാമവാര്യരുടെ ഓര്‍മ്മപുസ്തകം (നോവലുകള്‍), അപ്പോളോയുടെ വീണ, കാലഘട്ടം, ചരിത്ര നോവല്‍ മലയാളത്തില്‍, നിരൂപകന്റെ വിശ്വദര്‍ശനം, ആല്‍ഫ്രഡ് കുബിന്‍ ഒരു ചന്ദ്രവംശി, ഗാന്ധിയന്‍ സൗന്ദര്യവിചാരം, മലയാള സാഹിത്യ ചരിത്രം (വിമര്‍ശനങ്ങള്‍), മുദ്രാരാക്ഷസം, അതിനുമപ്പുറം (വിവര്‍ത്തനങ്ങള്‍), സമ്പൂര്‍ണ്ണ മഹാഭാരതം, കെ.കരുണാകരന്റെ നിയമസഭാ പ്രസംഗങ്ങള്‍ (എഡിറ്റര്‍) എന്നിവയാണ് കൃതികള്‍.
കൈതള ഉണ്ണി നീലകണ്ഠന്റെയും കെ കാര്‍ത്യായനിയുടെയും മകനാണ്. തൃശൂര്‍ അയ്യന്തോളില്‍ മൈത്രിപാര്‍ക്കിലായിരുന്നു താമസം. ഭാര്യ: ഡോ. കെ സരസ്വതി. മക്കള്‍: ജയ്‌സൂര്യ, കശ്യപ്, അപര്‍ണ.