National
സിദ്ദിഖ് കാപ്പന് സിമിയുമായി ബന്ധമെന്ന് യു പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് യു പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിമിയുടെ എക്‌സിക്യൂട്ടിവ് അംഗങ്ങളുമായി സിദ്ദിഖിന് അടുത്ത ബന്ധമുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുള്ളത്. ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖിനെ യു പി പോലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹി കലാപക്കേസിലെ പ്രതിയായ മുഹമ്മദ് ഡാനിഷിന്റെ നിര്‍ദേശാനുസരണമാണ് കാപ്പന്‍ ഹത്രാസിലേക്ക് യാത്ര തിരിച്ചതെന്നും കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫാണ് സിദ്ദിഖ് ഉള്‍പ്പെടുന്ന സംഘത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സിദ്ദിഖ് ഹത്രാസിലേക്കു പോയതെന്നും സര്‍ക്കാര്‍ പറയുന്നു.