Connect with us

Kerala

പ്രതിസന്ധികളെ അതിജീവിച്ച് കെ എസ് ആർ ടി സി; വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വർധനവ്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് കെ എസ് ആർ ടി സി. പൊതുഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ കാലത്ത് നിന്നും, പീന്നീട് പൊതുഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ ജനങ്ങളിലുണ്ടായ വിമുഖതയുമെല്ലാം മറികടന്നാണ് കെ എസ് ആർ ടി സി പുരോഗതി നേടിയത്. പ്രതിസന്ധിയെ അതിജീവിച്ച് വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും സ്ഥാപനം വർധനവ് കൈവരിച്ചു.

ആഗസ്റ്റ് മാസം 99 ലക്ഷം യാത്രക്കാരാണ് കെ എസ് ആർ ടി സിക്ക് ഉണ്ടായിരുന്നത്. 21.65 കോടി രൂപയായിരുന്നു വരുമാനം. സെപ്തംബറിൽ യാത്രക്കാരുടെ എണ്ണം 1.48 കോടിയായി വർധിച്ചു. 37.02 കോടി വരുമാനം നേടി. ഒക്ടോബറിൽ 1.81 കോടി യാത്രക്കാരും, 47.47 കോടി വരുമാനവും, നവംബറിൽ 2.31 കോടി യാത്രക്കാരും 62.68 കോടി വരുമാനവുമായി കെ എസ് ആർ ടി സി പുരോഗതി കൈവരിച്ചു.
ലോകം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കെ എസ് ആർ ടി സി നൂതന ആശയങ്ങളും ചിട്ടയായ പ്രവർത്തന ശൈലിയും കൊണ്ട് മുന്നേറുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ പൊതുഗതാഗതം ഉപയോഗിക്കുന്നതിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവും സ്ഥാപനത്തിന് ഉണർവ് നൽകി. വൈവിധ്യമാർന്ന സർവീസ് ഓപറേഷൻ രീതികളിലൂടെ മാനേജ്‌മെന്റും ജീവനക്കാരും കെ എസ് ആർ ടി സിക്ക് പുതുജീവൻ നൽകുകയായിരുന്നു.

ബസ് ഓൺ ഡിമാൻഡ്, അൺലിമിറ്റഡ് ഓർഡിനറി സർവീസ് തുടങ്ങി വൈവിധ്യമാർന്ന സർവീസ് ഓപറേഷൻ രീതികളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മത്സര പരീക്ഷകൾക്കായുള്ള പ്രത്യേക സർവീസുകളും ആരംഭിച്ച് സർവീസ് ഓപറേഷനിൽ കാലാനുസൃതമായ മാറ്റം വരുത്തിയതും യാത്രക്കാർക്ക് ഏറെ ഗുണകരമാകുകയുമുണ്ടായി. കൂടാതെ ടിക്കറ്റേതര വരുമാനമാർഗങ്ങളായ കെ എസ് ആർ ടി സി ലോജിസ്റ്റിക്‌സ് ഫുഡ് ട്രക്ക് പദ്ധതി, കുടുംബശ്രീയുടെ പിങ്ക് കഫേ, എന്റെ കെ എസ് ആർ ടി സി ഓൺലൈൻ റിസർവേഷൻ മൊബൈൽ ആപ്പ് തുടങ്ങിയവയും പൊതുജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യത നേടി.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും അവശ്യ സർവീസുമായി കേരളത്തിന്റെ സ്വന്തം ആനവണ്ടി മുൻപന്തിയിലുണ്ടായിരുന്നു. പരമാവധി സൗകര്യങ്ങൾ കഴിയാവുന്നത്ര പ്രയോജനകരമാംവണ്ണം വിനിയോഗിച്ച് പുതിയ പദ്ധതികളുമായി കെ എസ് ആർ ടി സി മുന്നോട്ടാണ്.