Sports
ഐ എസ് എൽ: ഹൈദരാബാദ് ബഗാനെ സമനിലയിൽ പൂട്ടി

പനജി | ഇന്ത്യൻ സൂപ്പർ ലീഗിൽ എ ടി കെ മോഹൻ ബഗാനും ഹൈദരാബാദും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും മത്സരിച്ച് കളിച്ചുവെങ്കിലും ആർക്കും ഗോളടിക്കാനായില്ല.
മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 54ാം മിനുട്ടിൽ ഇന്ത്യൻ യുവതാരം മൻവീർ സിംഗാണ് എ ടി കെയെ മുന്നിലെത്തിച്ചത്. ഈ ഗോളിൽ പതറാത്ത ഹൈദരാബാദിന് ഒരു പെനാൽറ്റിയിലൂടെ സമനില നേടാൻ അവസരം വന്നു. പെനാൽറ്റിയെടുത്ത ജോ വിക്ടർ 65ാം മിനുട്ടിൽ ഹൈദരാബാദിന് സമനില സമ്മാനിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളിൽ പത്ത് പോയിന്റുമായി എ ടി കെ മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽ ആറ് പോയിന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്താണ്.
ഇന്ന് ഒഡീഷ ഗോവയെ നേരിടും. നിലവിൽ നാല് മത്സരങ്ങളിൽ അഞ്ച് പോയിന്റുമായി ഗോവ ഏഴാം സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ ഒരു പോയിന്റുമായി ഒഡീഷ പത്താം സ്ഥാനത്തുമാണ്.