Connect with us

Kerala

സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ 76.38 ശതമാനം പോളിംഗ്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായുള്ള തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചു. കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസാന ഒരു മണിക്കൂറം തീരാനിരിക്കെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.38 ശതമാനമാണ് സംസ്ഥാനത്തെ പോളിംഗ്. വയനാട്ടിലാണ് രണ്ടാംഘട്ടത്തില്‍ കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്. 79.46 ശതമാനമാണ് വയനാട്ടിലെ പോളിംഗ്. 73.91 രേഖപ്പെടുത്തിയ കോട്ടയത്താണ് ഏറ്റവും കുറവ്.

എറണാകുളത്ത് 77.13, തൃശ്ശൂര്‍ 75.03, പാലക്കാട് 77.97 ശതമാനമാണ് പോളിംഗ്. കൊച്ചി കോര്‍പറേഷനില്‍ പോളിംഗ് താരതമ്യേന കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 61.1 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. തൃശ്ശൂര്‍ കോര്‍പറേഷനില്‍ 63 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അത്ര പോളിംഗ് ശതമാനം എത്തിയില്ലെങ്കിലും ഒരു മഹാമാരി കാലത്ത് ഇത്രയും പേര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതെന്നത് അത്ഭുതകരമാണ്. രാവിലെ ആറര മുതല്‍ തന്നെ വോട്ടര്‍മാര്‍ പല പോളിംഗ് ബൂത്തുകളിലും എത്തിച്ചേര്‍ന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു വോട്ടെടുപ്പ്.

പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ യന്ത്രത്തകരാര്‍ മൂലം പോളിംഗ് മുടങ്ങിയെങ്കിലും ഇത് പരിഹരിക്കാനായി രണ്ടാമതെത്തിച്ച വോട്ടിങ്ങ് യന്ത്രവും തകരാറിലായി. ഇതോടെ മൂന്നാമത് മറ്റൊരു വോട്ടിങ്ങ് യന്ത്രം എത്തിച്ചെങ്കിലും അതും തകരാറിലായി. ഇതോടെ വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.പിന്നീട് സാങ്കേതിക വിദഗ്ദ്ധരെത്തിയാണ് യന്ത്രത്തകരാര്‍ പരിഹരിച്ച് വോട്ടിങ്പുനരാരംഭിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളമാണ് ഇവിടെ പോളിങ്മുടങ്ങിയത്.
ആവേശകരമായ വോട്ടിംഗില്‍ ഇരു മുന്നണിയും തങ്ങള്‍ക്ക് അനുകൂലമാണെന്ന് പൊതുവെ പറയുന്നു. യുഡി എഫ് ശക്തികേന്ദ്രമായ കോട്ടയത്തും എറണാകുളത്തുമെല്ലാം ശക്തമായ മത്സരം നടന്നതായാണ് വിലയിരുത്തല്‍.

47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡറുകളും 265 പ്രവാസികളും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങുംഏര്‍പ്പെടുത്തിയിട്ടുണ്ട്.