Kerala
ഭാര്യയുടേയും മകളുടേയും ദേഹത്ത് ആസിഡ് ഒഴിച്ചയാള്‍ പിടിയില്‍

കൊല്ലം | പോലീസില്‍ പരാതി നല്‍കിയതിന് ഭാര്യയുടേയും മകളുടേയും ദേഹത്ത് ആസിഡ് ഒഴിച്ച് മുങ്ങിയ പ്രതി പിടിയില്‍. വാളത്തുംഗല്‍ സ്വദേശി മംഗാരത്ത് കിഴക്കതില്‍ ജയനാണ് കല്ലുവാതുക്കലിലെ ഒളിത്താവളത്തിലെത്തി ഇരവിപുരം പോലീസ് പിടികൂടിയത് . ഇയാള്‍ക്ക് ആസിഡ് നല്‍കിയ ഓയൂര്‍ സ്വദേശിയും പിടിയിലായതായി സൂചനയുണ്ട്.
ജയനില്‍ നിന്ന് നിരന്തരം മര്‍ദനം ഏല്‍ക്കുന്നത് സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇയാളുടെ ഭാര്യ രാജി പോലീസില്‍ പരാതി നല്‍കിയത്. ഇതില്‍ പ്രകോപിതനായ പ്രതി ഒരാഴ്ച മുമ്പ് രാജിയുടേയും മകള്‍ ആദിത്യയുടേും ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തെ വീട്ടിലെ രണ്ട് കുട്ടികളുടെ ദേഹത്തും ആസിഡ് വീണിരുന്നു. ഇവരുടെ പൊള്ളല്‍ ഗുരുതരമല്ല.
ലഹരിക്ക് അടിമയായിരുന്ന ജയന്‍ ഭാര്യയെ പതിവായി മര്‍ദിച്ചിരുന്നു. സംഭവത്തിനു ശേഷം മുങ്ങിയ ജയന്‍ മാഹി, തലശേരി, എറണാകുളത്തുമായി ചുറ്റിക്കറങ്ങിയതായി പോലീസ് പറഞ്ഞു.