National
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പുതിയ പാര്‍ലിമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കും- പ്രധാനമന്ത്രി

ന്യൂഡല്‍ഹി | ഇന്ത്യക്കാര്‍ രാജ്യത്തിനായി നിര്‍മിക്കുന്ന പാര്‍ലിമെന്റ് മന്ദിരത്തിന്റെ പ്രവൃത്തിയാണ് ഇന്ന് ആരംഭിച്ചതെന്നും 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ദിനത്തില്‍ ഇത് രാജ്യത്തിന് സമര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 64,500 സ്‌ക്വയര്‍മീറ്ററില്‍ നാല് നിലകളിലായി ഉയരുന്ന പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന് ഭൂമിപൂജ്ക്ക് ശേഷം ഉച്ചക്ക് 12.55ഓടെയാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്.
888 ലോക്‌സഭാ അംഗങ്ങള്‍ക്കും 384 രാജ്യസഭാ അംഗങ്ങള്‍ക്കുമുളള ഇരിപ്പിട സൗകര്യത്തില്‍ നിര്‍മിക്കുന്ന പാര്‍ലിമെന്റ് മന്ദിരത്തിന് 970 കോടി രൂപയാണ് ചെലവ് . ഭാവിയില്‍ അംഗങ്ങളിലുണ്ടാകുന്ന വര്‍ധനവ് മുന്‍നിര്‍ത്തായാണ് ലോക്‌സഭയില്‍ 888 സീറ്റ് ഒരുക്കുന്നത്.
പുതിയ മന്ദിരത്തിന്റെ സമീപത്തായി റിസപ്ഷന്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, കാത്തിരിപ്പുകേന്ദ്രം എന്നിവയടങ്ങുന്ന ബ്ലോക്കുകള്‍ ഉണ്ടായിരിക്കും. ഭിന്നശേഷിസൗഹൃദ നിര്‍മാണമായിക്കും ഇവിടുത്തേത്. പ്രധാനകവാടത്തിന് പുറമേ തൃകോണാകൃതിയിലുളള ഘടനക്ക് ആചാരപരമായ ഒരു പ്രവേശന കവാടവും ലോക്‌സഭാ സ്പീക്കറിനും രാജ്യസഭാ ചെയര്‍മാനുമായി പ്രത്യേക കവാടവും ഉണ്ടായിരിക്കും.
നിലവിലെ പാര്‍ലിമെന്റ് മന്ദിരത്തിലുളളതുപോലുളള സെന്‍ട്രല്‍ ഹാള്‍ പുതിയ മന്ദിരത്തിന് ഉണ്ടായിരിക്കില്ല. പുതിയ മന്ദിരത്തില്‍ വലിയ ഇന്ത്യയുടെ ജനാധിപത്യ പൈതൃകത്തെ പ്രദര്‍ശിപ്പിക്കുന്ന വലിയ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍ ഉണ്ടായിരിക്കും. പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി പ്രത്യേക ലോഞ്ച്, ലൈബ്രറി, നിരവധി സമ്മേളന മുറികള്‍, ഡൈനിങ് ഏരിയകള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവയുണ്ടായിരിക്കും.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിലവിലുളള പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉയരുന്നത്. നിലിവിലുളള പാര്‍ലമെന്റ് മന്ദിരം ബ്രിട്ടീഷ് ഭരണകാലത്തുളളതാണ്. എഡ്വിന്‍ ലുട്ട്യെന്‍സ് ആയിരുന്നു രൂപകല്പന. 1921 ഫെബ്രുവരിയില്‍ ശിലാസ്ഥാപനം നടന്ന മന്ദിരം 1927-ല്‍ ഗവര്‍ണര്‍ ജനറലായിരുന്ന ലോര്‍ഡ് ഇര്‍വിനാണ് ഉദ്ഘാടനം ചെയ്തത്. 85 ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്, പണി പൂര്‍ത്തിയാകാന്‍ ആറുവര്‍ഷമെടുത്തു.